31 May 2026
Sunday
LATEST NEWS
തുറന്ന് പറഞ്ഞ് മന്ത്രി ചെന്നിത്തല... സ്കൂൾ പ്രവേശനോത്സവം 2026 ജൂൺ 1ന് പാമ്പാടി ടെക്നിക്കൽ ഹൈസ്കൂളിൽ വിപുലമായ ഒരുക്കങ്ങൾ... മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല നൽകി സർക്കാർ ഉത്തരവ്... ശബരിമല സ്വർണക്കൊള്ള കേസ്: എസ്‌ഐടി അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വംമന്ത്രി... അതിവേഗ റെയിൽ പദ്ധതി: അഞ്ച് വർഷത്തിനുള്ളിൽ യാത്രക്കാർക്ക് സേവനം ലഭ്യമാക്കാമെന്ന് ഇ. ശ്രീധരൻ... NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)... സ്‌കൂള്‍ പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം... ലഹരിവിരുദ്ധ മാനസികാവസ്ഥ വളർത്തണം- സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ... സംസ്ഥാനത്ത് ജൂൺ 9 മുതൽ ട്രോളിങ് നിരോധനം; 52 ദിവസത്തേക്ക് കടലിൽ ട്രോളർ ബോട്ടുകൾക്ക് വിലക്ക്... വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ എൻഐഎയുടെ വ്യാപക പരിശോധന... പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരാകുന്നു... ഉപരാഷ്ട്രപതിയുടെ സന്ദർശനം: മെയ് 31-ന് കോട്ടയത്ത് വൻ ഗതാഗത നിയന്ത്രണം... മുൻ എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ധനപാലൻ അന്തരിച്ചു... കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് മെയ് 30-ന് രണ്ടാം അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി വീണ്ടും പരിഗണിക്കും... സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറായി (സിഇഒ) ഡോ.എ.കൗഷിഗന്‍ നിയമിതനായി...

*ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്ക് പോകുന്നത് ആലോചിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ*

ബി.ഡി.ജെ.എസ് ഇടതുപക്ഷത്തേക്ക് പോകുന്നത് ആലോചിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞതിന് പിന്നാലെയാണ്, ഇപ്പോള്‍ ബി.ഡി.ജെ.എസ് അംഗങ്ങളെ സ്വാഗതം ചെയ്ത് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി തന്നെ രംഗത്ത് വന്നിരിക്കുന്നത്.


ഇത്, വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് പോലെയാണ്. ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്തേക്ക് എടുത്താല്‍ സംഭവിക്കാൻ പോകുന്നത് ആ മുന്നണിയുടെ തകർച്ച തന്നെയാണ്. മതനിരപേക്ഷ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഒരു മുന്നണിയിലും ഉള്‍പ്പെടുത്താൻ പറ്റാത്ത പാർട്ടിയാണ് ബി.ഡി.ജെ.എസ് എന്നാണ് ഇടതുപക്ഷ ചിന്തകർ പോലും ചൂണ്ടിക്കാട്ടുന്നത്. എസ്.എൻ.ഡി.പി യോഗം പ്രസിഡൻ്റ് വെള്ളാപ്പള്ളിയുടെ ബുദ്ധിയില്‍ പിറവി കൊണ്ട ആ രാഷ്ട്രീയ പാർട്ടി, അതിൻ്റെ ആരംഭം മുതല്‍ പ്രവർത്തിച്ച്‌ വരുന്നത് ബി.ജെ.പി മുന്നണിയിലാണ്. വെള്ളാപ്പള്ളി കുടുംബത്തിന് നേരെ കേന്ദ്ര ഏജൻസികളുടെ റെയ്ഡ് നടക്കാതിരിക്കാനാണ്, . ബി.ഡി.ജെ.എസിനെ എൻ.ഡി.എ മുന്നണിയില്‍ കൊണ്ടു പോയി കെട്ടിയിരിക്കുന്നത് എന്നത്, അക്കാലത്ത് തന്നെ ഉയർന്ന പ്രധാന വിമർശനവുമാണ്.


ബി.ജെ.പി ആഗ്രഹിച്ചാലാണ് ബി.ഡി.ജെ.എസിന് എൻ.ഡി.എ വിടാൻ സാധിക്കുകയൊള്ളൂ. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. കേന്ദ്ര ഏജൻസികളില്‍ നിന്നും മറച്ച്‌ പിടിക്കാൻ വെള്ളാപ്പള്ളിമാർക്ക് ഒരുപാടുണ്ട് എന്നത് തന്നെയാണ് അതിനു കാരണം.


മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിമാർ പ്രതിയായതാണ്, വെള്ളാപ്പള്ളിയുടെ ഇപ്പോഴത്തെ പിണറായി സ്നേഹത്തിന് പിന്നിലെന്നത് ബി.ജെ.പി നേതൃത്വത്തിനും കൃത്യമായി അറിയാം. അതുകൊണ്ടാണ് അവർ, ഇക്കാര്യത്തില്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയ്യാറാകാതിരിക്കുന്നത്.


വെള്ളാപ്പള്ളി നടത്തുന്ന പിണറായി സ്തുതിയും, മുഖ്യമന്ത്രിക്ക് ഒപ്പം അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതും എല്ലാം, ബി.ജെ.പിയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. മകനെ എൻ.ഡി.എ മുന്നണിയില്‍ നിർത്തി പിതാവ് കളിക്കുന്ന ഈ അവസരവാദ രാഷ്ട്രീയക്കളിയില്‍ മടുത്താണ്, ബി.ഡി.ജെ.എസ് എവിടെ വേണമെങ്കിലും പോകട്ടെ എന്ന ഒരു നിലപാടിലേക്ക്, ബി.ജെ.പി ഇപ്പോള്‍ എത്തിയിരിക്കുന്നത്. മാത്രമല്ല,
മൂന്നാം പിണറായി ഭരണത്തിനുള്ള ചെറിയ സാധ്യത പോലും ഇല്ലാതാക്കാൻ, ബി.ഡി.ജെ.എസ് അപ്പുറത്ത് എത്തിയാല്‍ മതിയാകും എന്ന 'വളഞ്ഞ' ചിന്തയും ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്നണി മാറണമെന്ന ആവശ്യം വെള്ളാപ്പള്ളി തന്നെ ഇപ്പോള്‍ മുന്നോട്ട് വച്ചിരിക്കുന്നത്.


ബി.ജെ.പി കേരളത്തില്‍ വളരുന്നുണ്ടെങ്കില്‍, അത് ദേശീയ തലത്തില്‍ ബി.ജെ.പി നേടുന്ന വളർച്ചയുടെ തുടർച്ച മാത്രമാണ്. അതല്ലാതെ, ബി.ഡി.ജെ.എസ് മുന്നണിയില്‍ ഉള്ളതു കൊണ്ടൊന്നുമല്ല. മുന്നൂറോളം സീറ്റുകളില്‍ മത്സരിച്ചിട്ടും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നേടാനായത് വെറും അഞ്ചു സീറ്റുകള്‍ മാത്രമാണ്.


തിരുവനന്തപുരം കോർപ്പറേഷനില്‍ എൻ.ഡി.എ ഭരണം പിടിച്ചെങ്കിലും, ബി.ഡി.ജെ.എസ് മത്സരിച്ച നാല് സീറ്റിലും അവർ പപ്പടം പൊടിയും പോലെയാണ് പൊടിഞ്ഞത്. കൊച്ചി കോർപ്പറേഷനില്‍ 13 സീറ്റുകളില്‍ മത്സരിച്ചെങ്കിലും സിറ്റിംഗ് സീറ്റില്‍ ഉള്‍പ്പടെയാണ് പരാജയപ്പെട്ടത്. കോഴിക്കോട് കോർപ്പറേഷനിലും സ്ഥിതി ഇതു തന്നെയാണ്. എൻ.ഡി.എയ്ക്ക് ആധിപത്യം ഉണ്ടായിരുന്ന ആലപ്പുഴ കോടന്തുരുത്ത് പഞ്ചായത്തിലും ബി.ജെ.പി ഒറ്റയ്ക്കാണ് മത്സരിച്ചത്. ഇത്തവണ ആറ് സീറ്റാണ് അവിടെ എൻ.ഡി.എയ്ക്ക് ലഭിച്ചിരിക്കുന്നത്.


ബി.ജെ.പി വോട്ടർമാർ പോലും, വെള്ളാപ്പള്ളിമാരുടെ അവസരവാദ രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല എന്നതിൻ്റെ തെളിവാണ് ഇതെല്ലാം. അതുകൊണ്ടാണ് ബി.ജെ.പി ശക്തി കേന്ദ്രങ്ങളില്‍ പോലും ബി.ഡി.ജെ.എസിന് വോട്ടുകള്‍ കിട്ടിയിട്ടില്ലന്ന് പറഞ്ഞ് നേതൃത്വം വിലപിക്കുന്നത്.


തദ്ദേശ തിരഞ്ഞെടുപ്പില്‍, സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളില്‍ 100 എണ്ണത്തില്‍ മത്സരിക്കാൻപോലും ബി.ഡി.ജെ.എസിനെ ബി.ജെ.പി ഇത്തവണ അനുവദിച്ചിട്ടില്ല. അതിന് അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. വെള്ളാപ്പള്ളി നടേശൻ ഇങ്ങനെ പിണറായി സ്തുതി തുടരുമ്പോള്‍, എങ്ങനെയാണ് ബി.ജെ.പിക്ക്, പിണറായി സർക്കാരിന് എതിരെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയ്ക്കു വേണ്ടി വോട്ട് ചോദിക്കാൻ കഴിയുക എന്നത് വലിയ ചോദ്യം തന്നെയാണ്.


ആകെ മൊത്തത്തില്‍, ബി.ഡി.ജെ.എസിനെ ഒരു വലിയ ബാധ്യത ആയാണ് ബി.ജെ.പി നേതൃത്വം നിലവില്‍ കാണുന്നത്. അതുകൊണ്ടു തന്നെ, പഴയ പരിഗണന ഒന്നും തന്നെ ഇപ്പോള്‍ ബി.ജെ.പിയോ കേന്ദ്ര സർക്കാരോ അവർക്ക് കൊടുക്കുന്നുമില്ല. ഈ പശ്ചാത്തലത്തില്‍ അവർ എൻ.ഡി.എ മുന്നണിയില്‍ തുടർന്നാല്‍ പോലും, നിയമസഭാ തിരഞ്ഞെടുപ്പില്‍, കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ പലതും ബി.ജെ.പി വിട്ടു കൊടുക്കാനുള്ള സാധ്യതയും കുറവാണ്.


ഇതെല്ലാം പരിഗണിച്ചാണ് ഇടതുപക്ഷത്തേക്ക് ബി.ഡി.ജെ.എസ് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ തന്നെ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ പോലെ ഏതെങ്കിലും സി.പി.എം നേതാവിന് അങ്ങനെ ഒരാഗ്രഹം ഉണ്ടായാല്‍ പോലും, പച്ചയായി ഇങ്ങനെ വർഗ്ഗീയത പറയുന്ന വെള്ളാപ്പള്ളിയുടെ പാർട്ടിയെ ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാൻ കഴിയുമെന്നതും ഒരു പ്രശ്നമാണ്.


ന്യൂനപക്ഷ വോട്ടുകളില്‍ വലിയ ചോർച്ച ഇപ്പോള്‍ തന്നെ ഇടതുപക്ഷത്ത് സംഭവിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസിനെ എങ്ങാൻ, ഇടതുപക്ഷ മുന്നണിയില്‍ എടുത്താല്‍, നൂനപക്ഷ വോട്ടുകള്‍ മാത്രമല്ല, ഇപ്പോള്‍ ലഭിക്കുന്ന ഭൂരിപക്ഷ വോട്ടുകളിലും വലിയ ചോർച്ചയുണ്ടാകുമെന്ന കാര്യവും ഉറപ്പാണ്.


സംസ്ഥാനത്തെ പ്രബല സാമുദായിക സംഘടനയായ എസ്.എൻ.ഡി.പി യോഗത്തിൻ്റെ രാഷ്ട്രീയ പാർട്ടിയായി അവതരിപ്പിക്കപ്പെട്ട ബി.ഡി.ജെ.എസിൻ്റെ രാഷ്ട്രീയ ലക്ഷ്യം തന്നെ, ഇടതുപക്ഷ വോട്ട് ബാങ്ക് പൊളിക്കുക എന്നതായിരുന്നു. അതായത് സി.പി.എമ്മിൻ്റെ ശക്തി കേന്ദ്രമായ ഈഴവ വോട്ട് ബാങ്ക് തന്നെയാണ് ബി.ഡി.ജെ.എസും ലക്ഷ്യമിട്ടിരുന്നത്. ഈ ലക്ഷ്യം മുൻ നിർത്തി തന്നെയാണ് ബി.ജെ.പിയും അവരെ മുന്നണിയില്‍ എടുത്തിരുന്നത്. ബി.ഡി.ജെ.എസിനെ ഒപ്പം കൂട്ടിയാല്‍, ഈഴവ സമുദായത്തിൻ്റെ വോട്ടുകള്‍ എല്ലാം ബി.ജെ.പിയുടെ പെട്ടിയാല്‍ വീഴുമെന്ന സംഘപരിവാർ നേതൃത്വത്തിൻ്റെ സ്വപ്നം ബി.ഡി.ജെ.എസിൻ്റെ പിറവിയില്‍ തന്നെ ഒടിച്ച്‌ കളഞ്ഞത്, സഖാവ് വിഎസ് അച്ചുതാനന്ദനാണ്.


വെള്ളാപ്പള്ളിമാർക്കും ബി.ഡി.ജെ.എസിനും എതിരെ വി.എസ് അച്ചുതാനന്ദൻ നടത്തിയ ആ കടന്നാക്രമണമാണ് യഥാർത്ഥത്തില്‍, ഇടതുപക്ഷ വോട്ട് ബാങ്കിനെ പിടിച്ചു നിർത്തിയിരുന്നത്. ഇതെല്ലാം മറന്ന് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഒരു മുന്നണിയിലേക്ക്, സമുദായ പാർട്ടിയെ സ്വീകരിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ വലിയ തിരിച്ചടിക്ക് ഒരു പ്രധാന കാരണം, വെള്ളാപ്പള്ളി നടേശനുമായുള്ള മുഖ്യമന്ത്രിയുടെ അടുപ്പവും, വെള്ളാപ്പള്ളിയോട് സർക്കാർ കാണിക്കുന്ന പരിഗണനയുമാണെന്നിരിക്കെ, ഇത് മനസ്സിലാക്കിയുള്ള തീരുമാനം ആ മുന്നണി എടുത്തില്ലങ്കില്‍, ഇടതുപക്ഷത്തെ കാത്തിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയായിരിക്കും.


സി. പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്, ബി.ഡി.ജെ.എസ് എന്ന പാർട്ടിയെ അല്ല അവരുടെ പ്രവർത്തകരെയാണെങ്കിലും, ഇതിനു പിന്നില്‍ മുന്നണി പ്രവേശനത്തിനുള്ള സാധ്യത തുറന്നിട്ടിട്ടുണ്ടോ എന്ന സംശയം ഇടതുപക്ഷത്തെ ഘടക കക്ഷികള്‍ക്കുമുണ്ട്. അങ്ങനെ ഒരു തീരുമാനം എടുത്താല്‍ ആത്മഹത്യാപരമായിരിക്കും എന്ന മുന്നറിയിപ്പ് മുന്നണിക്ക് അകത്ത് തന്നെ ഉയർന്നുകഴിഞ്ഞിട്ടുണ്ട്.

Related Stories

latest news


Most Popular