സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ബുധനാഴ്ച പുലർച്ചെ മുതൽ വ്യാപക പരിശോധന ആരംഭിച്ചു. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ തിരുവനന്തപുരം ബേക്കറി ജംക്ഷനിലെ വാടകവീട്ടിലും കണ്ണൂരിലെ വീട്ടിലും, ബേപ്പൂർ എംഎൽഎയും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിൻറെ കോട്ടൂളിയിലെ വീട്ടിലും ഉൾപ്പെടെ ആകെ 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വിവിധ കേന്ദ്രങ്ങളിലെത്തിയത്. ബേക്കറി ജംക്ഷനിലെ വീട്ടിൽ പിണറായി വിജയൻ ഉണ്ടായിരുന്നുവെന്നാണ് വിവരം. മുഹമ്മദ് റിയാസിന്റെ വീട്ടിൽ അദ്ദേഹം ഇല്ലെങ്കിലും ഭാര്യയും പിണറായി വിജയന്റെ മകളുമായ വീണ വിജയൻ വീട്ടിലുണ്ടെന്നാണ് റിപ്പോർട്ട്. സിഎംആർഎൽ ഓഫിസിലും ശശിധരൻ കർത്തയുടെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. വൻ സുരക്ഷാ സംവിധാനങ്ങളോടെയാണ് പരിശോധന നടത്തുന്നത്.
സിഎംആർഎല്ലിനെതിരായ ഇ.ഡി അന്വേഷണം റദ്ദാക്കണമെന്ന ആവശ്യം കേരള ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് റെയ്ഡുകൾ ശക്തമായത്. ഹൈക്കോടതി ഇ.ഡി അന്വേഷണം തുടരാമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള ഐ.ടി സ്ഥാപനമായ എക്സാലോജിക്കിന് സിഎംആർഎൽ നിയമവിരുദ്ധമായി വൻതുക നൽകിയെന്നതാണ് കേസിലെ പ്രധാന ആരോപണം. കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.
ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച നിരവധി ഹർജികൾ വിജിലൻസ് കോടതികളും പിന്നീട് ഹൈക്കോടതിയും തള്ളിയിരുന്നുവെങ്കിലും, എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) അന്വേഷണം തുടരുകയാണ്.











































































