ന്യൂഡൽഹി: ഡൽഹിയിലെ പൊതുഇടങ്ങളിൽ വായുവിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി ആസൂത്രണം ചെയ്ത് ഡൽഹി ഭരണകൂടം. പദ്ധതിയുടെ ഭാഗമായി നെഹ്റു പാർക്കിൽ ഔട്ട്‌ഡോര്‍ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സ അറിയിച്ചു. നഗരത്തിൽ ധാരാളം ആളുകളെത്തുന്ന പൊതുഇടങ്ങളിലാകും പദ്ധതി നടപ്പാക്കുക. മികച്ച വായുഗുണനിലവാരം എങ്ങനെ ഉറപ്പാക്കാമെന്ന് നെഹ്റു പാർക്കിലൂടെ പഠിക്കാമെന്നും ഡൽഹി പരിസ്ഥിതി മന്ത്രി പ്രതികരിച്ചു.
"ഡല്‍ഹിയെ സംബന്ധിച്ചിടത്തോളം എക്യുഐ ഏറെ വെല്ലുവിളി നിറഞ്ഞ ഘടകമാണ്. മികച്ച വായുഗുണനിലവാരം ഉറപ്പാക്കുന്നതിനായി ഞങ്ങള്‍ പരിശ്രമിക്കുകയാണ്. നെഹ്‌റു പാര്‍ക്കില്‍ പഠനം നടത്തുകയാണ്. രാവിലെ നടക്കാനും വ്യായാമത്തിനുമായി ധാരാളം ആളുകളെത്തുന്ന മേഖല കൂടിയാണ് നെഹ്‌റു പാര്‍ക്ക്. ഒരു പ്രത്യേക സ്ഥലത്ത് വായുഗുണനിലവാരം മികച്ചതാക്കാന്‍ കഴിയുമോയെന്ന് ഇതിലൂടെ വിലയിരുത്താനാകും", മഞ്ജീന്ദര്‍ സിങ് സിര്‍സ പ്രതികരിച്ചു.