ന്യൂഡൽഹി: ഒരു കാലത്ത് ലോകമറിയുന്ന അത്.ലറ്റായി മാറുകയും, ട്രാക്കിൽ രാജ്യത്തിന്റെ അഭിമാനമായി നിറയുകയും ചെയ്ത പി.ടി. ഉഷ രാജ്യസഭയിലേക്ക്. ബിജെപിയാണ് പി.ടി. ഉഷയ്ക്ക് രാജ്യസഭയിലേക്ക് വഴിയൊരുക്കിയത്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായി പി.ടി. ഉഷ സത്യപ്രതിജ്ഞ ചെയ്യും. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്റർ വഴി അറിയിച്ചു. ട്വിറ്ററിൽ പങ്കുവെച്ച പി.ടി. ഉഷയ്ക്കൊപ്പമുള്ള തന്റെ ചിത്രത്തോടൊപ്പമാണ് പി.ടി. ഉഷയുടെ രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശം പ്രധാനമന്ത്രി അറിയിച്ചത്.
പി.ടി. ഉഷയ്ക്ക് പുറമെ സംഗീത സംവിധായകൻ ഇളയരാജ, സംവിധായകൻ വി. വിജയേന്ദ്ര പ്രസാദ് എന്നിവരെയും രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തിട്ടുണ്ട്. മൂവരെയും ഇന്ത്യാക്കാരുടെ അഭിമാനം എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി ഇവരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യുന്ന വിവരം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.















































































