കേരളത്തോടുള്ള കേന്ദ്ര സർക്കാരിൻ്റെ നിഷേധാത്മക നിലപാട് തുടരുകയാണ്. ഓണക്കാലത്ത് കേരളത്തിനു പ്രത്യേകമായി അധിക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം പോലും തള്ളിക്കളഞ്ഞിരിക്കുന്നു.
നിലവിൽ ടൈഡ് ഓവർ വിഹിതം സംസ്ഥാനത്തിന് നൽകിവരുന്ന എട്ടു രൂപ മുപ്പത് പൈസ നിരക്കിൽ മുൻഗണനേതര കുടുംബങ്ങൾക്ക് കാർഡൊന്നിന് അഞ്ച് കിലോഗ്രാം വീതം അരി ലഭ്യമാക്കണമെന്നാണ് സംസ്ഥാനം ആവശ്യപ്പെട്ടത്. ഒപ്പം രണ്ടുവർഷം മുമ്പ് വരെ ടൈഡ് ഓവർ വിഹിതമായി ലഭിച്ചുവന്നിരുന്ന ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടു.
ഓണം പോലെയുള്ള വിശേഷാവസരങ്ങളിൽ പൊതു മാർക്കറ്റിൽ അരിയുടെ വില കുതിച്ചുയരാതിരിക്കാൻ മുൻഗണനേതര വിഭാഗക്കാർക്കും കഴിയുന്ന അളവിൽ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്ക് നൽകുന്നതിനുവേണ്ടി അധികമായി അരിവിഹിതം സംസ്ഥാനം ആവശ്യപ്പെട്ടത്.
സംസ്ഥാന ജനസംഖ്യയിൽ ഗണ്യമായ ഒരു വിഭാഗം പ്രമേഹ രോഗബാധിതരാണ് എന്നുള്ളത് കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തിലാണ് മുൻഗണനേതര വിഭാഗക്കാർക്കുള്ള ഗോതമ്പിന്റെ അലോട്ട്മെൻറ് പുനസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. എന്നാൽ സാധാരണക്കാർക്ക് കൈത്താങ്ങാകുന്ന ഈ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദയം നിരാകരിക്കുകയാണുണ്ടായത്.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഇക്കാര്യത്തിൽ യോജിച്ച പ്രതിഷേധം ഉയർന്നു വരേണ്ടതാണ്. കേന്ദ്ര സർക്കാരിൻ്റെ കേരള വിരുദ്ധ നയം തിരുത്താൻ ജനങ്ങളുടെയാകെ പ്രതിഷേധം അനിവാര്യമാണ്. അതിനായി നാം ഒറ്റക്കെട്ടായി നിൽക്കണം.