ഡൽഹി-എൻസിആർ മേഖലയിൽ മാത്രം പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി രംഗത്ത് വന്നു. ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് വായുമലിനീകരണം രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർണായകമായ ഈ പരാമർശം.
രാജ്യത്തെ മറ്റു നഗരങ്ങളിലും വലിയ തോതിലുള്ള വായുമലിനീകരണം ഉണ്ടാകുമ്പോൾ ഡൽഹിയിലെ ഉന്നതർക്ക് മാത്രമായി ശുദ്ധവായു ലഭിക്കണം എന്ന് പറയുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് നിരീക്ഷിച്ചു. ഈ വിഷയത്തിൽ രാജ്യവ്യാപകമായി ഒരു നയം രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചാൽ അത് രാജ്യത്തുടനീളം നടപ്പാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ശൈത്യകാലത്ത് താൻ അമൃത്സറിൽ പോയപ്പോൾ ഡൽഹിയെക്കാൾ മോശമായ വായുമലിനീകരണമാണ് അവിടെ കണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഈ അഭിപ്രായത്തെ മുതിർന്ന അഭിഭാഷക അപരാജിത സിംഗ് പിന്തുണച്ചു.