തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.വിജയകുമാർ (അഡ്വ. പാറവിള വിജയകുമാർ) അറസ്റ്റിലായതോടെ സ്വർണക്കൊള്ളയില്‍ ജയിലിലായ സി.പി.എം നേതാക്കള്‍ മൂന്നായി.
ബോർഡ് പ്രസിഡന്റുമാരായിരുന്ന എ.പത്മകുമാർ, എൻ.വാസു എന്നിവരും സജീവ സി.പി.എം നേതാക്കളാണ്. പത്മകുമാർ ഇപ്പോഴും പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്. വിജയകുമാർ തിരുവനന്തപുരത്തെ തിരുവല്ലം ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗമാണ്.
എൻ.വാസു മന്ത്രിയായിരുന്ന പി.കെ ഗുരുദാസന്റെ സ്റ്റാഫംഗവും സി.പി.എമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റും വിജിലൻസ് ട്രൈബ്യൂണലുമൊക്കെയായിരുന്നു. ഒരു മുൻമന്ത്രിയും നിലവിലെ എം.പിയുമടക്കം സ്വർണക്കൊള്ളയില്‍ സംശയമുനയിലാണ്.
ശബരിമലയിലെ സ്വർണപാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയെന്നാണ് വിജയകുമാറിനെതിരായ കുറ്റം. മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് അന്വേഷണസംഘത്തിന് മുന്നില്‍ എത്തുകയായിരുന്നു.
കേസില്‍ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുൻ കോന്നി എംഎല്‍എയുമായ എ. പത്മകുമാറിനൊപ്പം 2019 ലെ ഭരണസമിതിയില്‍ ഉണ്ടായിരുന്ന സിപിഎം നേതാവാണ് വിജയകുമാർ.
മുൻകൂർ ജാമ്യാപേക്ഷ നല്‍കിയ ശേഷം സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയിരുന്ന വിജയകുമാർ ഉച്ചയോടെ എസ്.ഐ.ടി ഓഫീസില്‍ ഹാജരായി. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയുടെ പ്രസിഡന്റായിരുന്നു.
പത്മകുമാറിനെ അറസ്റ്റ് ചെയ്തിട്ടും അന്നത്തെ ബോർഡംഗങ്ങളായിരുന്ന വിജയകുമാറിലേക്കും ശങ്കർദാസിലേക്കും അന്വേഷണം നീളാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
വൻ സ്രാവുകളെ പിടിക്കണമെന്നും നിർദേശിച്ചു. ഒളിവിലായിരുന്ന വിജയകുമാറിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ എസ്.ഐ.ടി എത്തിയിരുന്നു.
അറസ്റ്റിന് ഒരുങ്ങവേയാണ് കീഴടങ്ങല്‍. ഇതറിഞ്ഞ വിജയകുമാർ താൻ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് സന്ദേശമയച്ചു.
ബോർഡിലെ എല്ലാം അംഗങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി പറഞ്ഞതോടെയാണ് വിജയകുമാറിന് മുന്നിലെ വഴികളടഞ്ഞത്. പ്രാഥമിക ചോദ്യംചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ശബരിമല അയ്യപ്പനെതിരായോ ദേവസ്വം ബോർഡിന് എതിരായോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി അറിയില്ലെന്നും വിജയകുമാർ നേരത്തേ പറഞ്ഞിരുന്നു. ഇത് കള്ളമാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
സ്വർണപ്പാളികള്‍ പോറ്റിക്ക് കൊടുത്തുവിടാനുള്ള ബോർഡ് തീരുമാനത്തില്‍ വിജയകുമാറിനും കൂട്ടുത്തരവാദിത്തമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിലുണ്ട്. ബോർഡിന് നഷ്ടം വരുത്തുകയെന്ന ഉദ്ദേശത്തോടെ പ്രവർത്തിച്ചു.
ഔദ്യോഗിക കൃത്യനിർവഹണത്തില്‍ വീഴ്ച വരുത്തി. പോറ്റിയടക്കം മറ്റ് പ്രതികള്‍ക്ക് അന്യായ ലാഭമുണ്ടാക്കാൻഇടവരുത്തുന്ന രീതിയില്‍ ക്ഷേത്ര മുതലുകള്‍ ദുരുപയോഗം ചെയ്തു. രേഖകളില്‍ കൃത്രിമം കാട്ടിയെന്നും എസ്.ഐ.ടി പറയുന്നു.















































































