തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്ക് നാലാം ശനിയാഴ്ച അവധി നൽകുന്നത് പരിഗണനയിൽ. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിർദേശം ഉയർന്നത്. ഈ മാസം പത്തിന് വിഷയം ചീഫ് സെക്രട്ടറി സർവീസ് സംഘടനകളുമായി ചർച്ച ചെയ്യും. കേന്ദ്രസർക്കാർ മാതൃകയിൽ ശനി, ഞായർ ദിവസങ്ങളിൽ പുതിയൊരു പ്രവൃത്തിദിന രീതിയാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്. നാല് ശനിയാഴ്ചകളിലും അവധി നൽകാനുള്ള ശ്രമത്തിന്റെ ആദ്യപടിയെന്നോണമാണ് ഈ നീക്കം. ഭരണ പരിഷ്കാര കമ്മീഷൻ അത്തരമൊരു നിർദേശം നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് നാലാം ശനിയാഴ്ച അവധിയാക്കാനുള്ള ആലോചന നടക്കുന്നത്.ഇതിനുള്ള നിർദേശം ചീഫ് സെക്രട്ടറി തലത്തിൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്താനാണ് തീരുമാനം.
