നിലമ്പൂരില്‍ പാലേമാട് സ്വദേശിനി കല്ലൻകുന്നൻ സമീന (35) ആണ് ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. സ്കാനിംഗില്‍ മാലയ്ക്ക് പുറമെ ഒരു സ്വർണ്ണക്കമ്മല്‍ കൂടി ഇവരുടെ വയറ്റില്‍ കണ്ടെത്തി.
നിലമ്പൂരില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മൂന്നര ഗ്രാം മാലയാണ് സമീന കവർന്നത്. പിടിയിലാകുമെന്ന് ഉറപ്പായതോടെ ആഭരണം വിഴുങ്ങുകയായിരുന്നു. എക്സ്റേ പരിശോധനയില്‍ മാല കണ്ടെത്തിയതോടെ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു.
ആഭരണങ്ങള്‍ ആമാശയത്തില്‍ നിന്ന് താഴേക്ക് നീങ്ങിയ നിലയിലാണെന്നും സ്വാഭാവികമായ രീതിയില്‍ പുറന്തള്ളപ്പെടുമെന്നുമാണ് വൈദ്യസംഘം കരുതുന്നത്. അതുവരെ കാത്തിരിക്കുകയല്ലാതെ പൊലീസിന് മുന്നില്‍ മറ്റ് വഴികളില്ല. 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഈ കേസിന്റെ ക്ലൈമാക്സ് നീങ്ങുന്നത്.












































































