എറണാകുളം: പ്രശസ്ത ബാലസാഹിത്യകാരൻ പി. ഐ. ശങ്കരനാരായണൻ (81) അന്തരിച്ചു. എറണാകുളത്തെ അമൃത ആശുപത്രിയിൽ അഞ്ചുദിവസമായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
1945ൽ കണ്ണൂരിൽ ജനിച്ച ശങ്കരനാരായണൻ, കോളേജ് വിദ്യാഭ്യാസത്തിന് ശേഷം എറണാകുളത്തും കോഴിക്കോട് ആറുവർഷത്തോളം പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് എറണാകുളത്തെ കേന്ദ്ര സർക്കാർ സ്ഥാപനമായ സ്‌പൈസസ് ബോർഡിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചു.
ഏലം, സ്‌പൈസ് ഇന്ത്യ എന്നീ മാസികകളുടെ പത്രാധിപരായിരുന്ന അദ്ദേഹം എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. "ഏലം ഒരു ശീലമാക്കൂ" എന്ന സ്‌പൈസസ് ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകവും അദ്ദേഹത്തിന്റേതാണ്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവൽക്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012), കുഞ്ഞുണ്ണി പുരസ്‌കാരം (2013) എന്നിവ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടി.
ജീവിതമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കവിത-കഥാ ക്ലാസുകളും ആദ്ധ്യാത്മിക പ്രഭാഷണങ്ങളും നടത്തി വരികയായിരുന്നു. നവമന പബ്ലിക്കേഷൻസ് എന്ന പ്രസാധന സ്ഥാപനത്തിന്റെ ഉടമയുമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു.
ഭാര്യ: നളിനി. കലൂർ പി. സി. റോഡിലെ വാടകവീട്ടിലായിരുന്നു താമസം.













































































