ടെല്‍ അവീവ്: ഗാസയിലെ യുദ്ധക്കുറ്റവുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)യുടെ അറസ്റ്റ് ഭയന്ന് വിമാനയാത്രയുടെ പാത മാറ്റി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ന്യൂയോര്‍ക്കിലേക്ക് പോകുന്നതിന് യൂറോപ്പിലെ ഭൂരിഭാഗം വ്യോമപാതയും ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിന് പങ്കെടുക്കാനും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനുമാണ് ഇസ്രയേല്‍ നേതാക്കളുടെ ഔദ്യോഗിക ജെറ്റായ വിങ്‌സ് ഓഫ് സിയോണില്‍ നെതന്യാഹു യാത്ര തിരിച്ചത്. യൂറോപ്യന്‍ വ്യോമപാത ഒഴിവാക്കിയതിലൂടെ ജെറ്റിന് ഏകദേശം 600 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ടി വന്നുവെന്നാണ് ഫ്‌ളൈറ്റ് ട്രാക്കിങ് ഡാറ്റകള്‍ കാണിക്കുന്നത്.
എന്നാല്‍ സംഭവത്തില്‍ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും വന്നിട്ടില്ല. ഫ്‌ളൈറ്റ് റഡാര്‍ 24 പ്രകാരം ഗ്രീസിന്റെയും ഇറ്റലിയുടെയും വ്യോമപാത ഉപയോഗിച്ചാണ് നെതന്യാഹു സഞ്ചരിച്ചത്. ഇസ്രയേല്‍ തങ്ങളോട് ഫ്രഞ്ച് വ്യോമപാത ഉപയോഗിക്കട്ടെയെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഫ്രാന്‍സ് അനുമതി നല്‍കിയിരുന്നുവെന്നും ഫ്രഞ്ച് നയതന്ത്രഞ്ജനെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ അവസാനം ഈ വ്യോമപാത ഒഴിവാക്കുകയായിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ് വഴിയായിരുന്നു നെതന്യാഹു അമേരിക്കയിലേക്ക് സഞ്ചരിച്ചത്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ മനുഷ്യത്വരഹിതമായ കൂട്ടക്കുരുതിയിലാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ നെതന്യാഹുവിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയും ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പിന്നാലെ അതിര്‍ത്തിയില്‍ നെതന്യാഹു എന്ന് പ്രവേശിച്ചാലും അറസ്റ്റ് ചെയ്യുമെന്ന് ഐസിസി അംഗങ്ങളായ ചില യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അറിയിച്ചിരുന്നു. ഇത് പേടിച്ചാണ് നെതന്യാഹു സഞ്ചാരപാത മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.