തിരു.: പോലീസിനെയും മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെയും കബളിപ്പിച്ച് ഇട റോഡുകളിലൂടെ പോകുന്ന വാഹനങ്ങള്‍ ജാഗ്രതൈ. ട്രാഫിക് നിയമലംഘനം കണ്ടെത്താന്‍ ഗ്രാമീണ റോഡുകളിലുള്‍പ്പെടെയും പരിശോധന കര്‍ശനമാക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ഇരുചക്ര വാഹനങ്ങളില്‍ അപകടകരമായ രീതിയില്‍ മത്സര ഓട്ടം നടത്തുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു.
നിയമ ലംഘകരില്‍ നിന്ന് ഓണ്‍ലൈനായി പിഴ ഈടാക്കുന്ന ഇ ചെല്ലാന്‍ സംവിധാനം തകരാറിലായതോടെ കിടികൂടുന്നവരില്‍ നിന്നും പിഴയീടാക്കാന്‍ ഒരാഴ്ചയായി സംവിധാനമില്ലാത്ത സ്ഥിതിയായിരുന്നു. സാങ്കേതിക തകരാര്‍ പരിഹരിച്ചതോടെയാണ് പരിശോധന വീണ്ടും ശക്തമാക്കിയത്. അതാത് ജില്ലാ തലത്തില്‍ സ്‌ക്വാഡുകളും സബ് റീജണല്‍ ഓഫീസുകളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവുമാണ് പരിശോധന നടത്തുന്നത്. പരിശോധനയില്‍ കുടുങ്ങുന്നതിൽ അധികവും ബൈക്ക് യാത്രക്കാരാണെന്നും നിയമലംഘനങ്ങള്‍ക്കെതിരേ വരും ദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












































































