പത്തനംതിട്ട: പത്തനംതിട്ട ളാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. രാവിലെ 8:40നാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ എട്ടുവയസ്സുകാരൻ മണികണ്ഠന്റെ നില ഗുരുതരം. കുട്ടിയുടെ ആന്തരിക അവയവങ്ങൾക്കാണ് ഗുരുതരമായി പരിക്കേറ്റത്. കരളിന് ക്ഷതം പുറമേ നട്ടെല്ലിനും പരിക്ക് പറ്റിയിട്ടുണ്ട്. കാലിന് ഒടിവ് സംഭവിച്ചിട്ടുമുണ്ട്. കുട്ടി ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് പുറപ്പെട്ട ബസ്സാണ് മറിഞ്ഞത്. AP 27 TU 5757 എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ 12 തീർത്ഥാടകരെ പെരുനാട്ടിലെ ആശുപത്രിയിലേക്ക് മാറ്റി. നാല് പേരെ പത്തനംതിട്ട ആശുപത്രിയിലും ചികിത്സയിലാക്കി.
