ന്യൂഡല്‍ഹി: സൈന്യത്തിലേക്കുള്ള പുതിയ റിക്രൂട്ട്മെന്റ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഗ്നിപഥ് എന്ന പദ്ധതിയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇടക്കാല സേവന മാതൃകയില്‍ നാലു വര്‍ഷത്തെ സൈനിക സേവനമാണിത്.
പദ്ധതി പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പുതിയ തീരുമാനം ചരിത്രം രചിക്കുമെന്ന് പറഞ്ഞു. പദ്ധതി പ്രഖ്യാപനത്തില്‍ കരസേന, നാവികസേന, വ്യോമസേന മേധാവികള്‍ സന്നിഹിതരായിരുന്നു.
അഗ്നിപഥ് പദ്ധതി പ്രകാരം 17.5 വയസിനും 21 വയസിനും ഇടയിലുളള 45,000 ഓളം പേര്‍ക്ക് നാലു വര്‍ഷത്തേക്ക് സര്‍വീസില്‍ പ്രവേശിക്കാം. അടുത്ത 90 ദിവസത്തിനുള്ളില്‍ ആദ്യ റിക്രൂട്ട്മെന്റ് ആരംഭിക്കും. ആദ്യ ബാച്ച് 2023 ഓടു കൂടി തയാറാകുമെന്നും മന്ത്രി അറിയിച്ചു.
പദ്ധതി വഴി തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീര്‍ എന്നറിയപ്പെടും. കേന്ദ്രീകൃത ഓണ്‍ ലൈന്‍ സംവിധാനം വഴിയാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കുക. അഗ്നിവീരരുടെ വിദ്യാഭ്യാസ യോഗ്യത സാധാരണ സോനാംഗങ്ങളുടെത് തന്നെയാകും. അഗ്നിപഥ് പദ്ധതി വഴി സ്ത്രീകള്‍ക്കും സേനയില്‍ അംഗമാകാമെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ ആര്. ഹരികുമാര്‍ പറഞ്ഞു.
ആറ് മാസത്തെ പരിശീലനം കൂടി ഉള്‍ക്കൊള്ളുന്നതാണ് നാലു വര്‍ഷ സര്‍വീസ്. ഈ കാലഘട്ടത്തില്‍ മാസം 30,000 - 40,000 രൂപ ശമ്പളവും അലവന്‍സും ലഭിക്കും. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉണ്ടാകും. നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സേനാംഗങ്ങളില്‍ 25 ശതമാനം പേര്‍ക്ക് സാധാരണ സേനാംഗമായി തുടരാം. ഇവര്‍ക്ക് 15 വര്‍ഷത്തെ സര്‍വീസുണ്ടാകും. ബാക്കിയുള്ളവര്‍ സര്‍വീസില്‍ നിന്ന് വിട്ടു പോരണം. 11 ലക്ഷം - 12 ലക്ഷം രൂപയുടെ പാക്കേജാണ് സര്‍വീസ് വിടുന്നവര്‍ക്ക് നല്‍കുക. എന്നാല്‍ ഇവര്‍ പെന്ഷന് അര്‍ഹരായിരിക്കില്ല. ഡ്യൂട്ടിക്കിടെ മരണമോ അംഗവൈകല്യമോ സംഭവിച്ചാല്‍ അതിനായി വേറെ വ്യവസ്ഥകള്‍ ഉണ്ടെന്നും സേന അറിയിച്ചു.
പുതിയ പദ്ധതി വഴി ശമ്പളം, പെന്ഷന് എന്നിവക്കുള്ള വിഹിതം കുറക്കാനും അതു വഴി ലഭ്യമാകുന്ന ഫണ്ടുകള്‍ അടിയന്തരമായി ആയുധങ്ങള്‍ വാങ്ങേണ്ടി വരുമ്പോള്‍ ഉപയോഗിക്കാനുമാണ് തീരുമാനം.