കോട്ടയം: ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുന്നതിനും തടയുന്നതിനും വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്താൻ ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗം തീരുമാനിച്ചു. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് പരിശോധന. ഇതിനായി വകുപ്പുകളിൽ നോഡൽ ഓഫീസർമാരെ ചുമതലപ്പെടുത്തും.
സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയാൻ കർശന നടപടിയെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ ലഹരി ഉത്പന്നങ്ങളുടെ വിൽപനയും ഉപയോഗവും നടക്കുന്നില്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസ്സുകളും നടത്തും. കുട്ടികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കൗൺസലിംഗ് നൽകും. ലഹരിയിൽ നിന്ന് മോചിതരാകാനുള്ള സഹായവും നൽകും.
ജില്ലയിലെ ഡ്രഗ് ഹോട് സ്പോട്ടുകൾ കണ്ടെത്തി ഇവിടങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തും. കുറിയർ സർവീസ് വഴി ലഹരി ഉത്പന്നങ്ങൾ എത്താനുള്ള സാധ്യതയടക്കം നിരീക്ഷിക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം തീരുമാനിച്ചു.
ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ മാനസിന്റെ 1933 എന്ന ഹെൽപ് ലൈൻ നമ്പരിൽ അറിയിക്കാം. ലഹരിയിൽനിന്ന് മോചനമാഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിൽ വിമുക്തി ബോധവൽക്കരണ മിഷനുമായി ബന്ധപ്പെടാം.
ജില്ലാ കളക്ടറുടെ ചേംബറിൽനടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.











































































