കാര്യവട്ടം ഏകദിന വിവാദത്തിൽ വിശദീകരണവുമായി കായികമന്ത്രി വി അബ്ദുറഹ്മാൻ. ഗാലറിയിൽ കാണികൾ കുറഞ്ഞതിൻ്റെ പ്രധാന കാരണം സംഘാടകരുടെ പിടിപ്പുകേടാണ്. യഥാർത്ഥ പ്രതികളെ വെള്ളപൂശാൻ ശ്രമിക്കുന്നെന്ന് മന്ത്രി വിമർശിച്ചു. സംഘാടകർ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ ഒരുക്കി നൽകുകയാണ് സർക്കാരിൻ്റെ ചുമതല. ക്രിക്കറ്റ് അസോസിയേഷൻ്റെ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് ഒരു നിയന്ത്രണവുമില്ല. ഉയർന്ന ടിക്കറ്റ് നിരക്കാണ് ഏകദിന മത്സരത്തിന് നിശ്ചയിച്ചത്. നിരക്ക് വർധന ശ്രദ്ധയിൽപ്പെട്ട ഉടൻ അത് കുറയ്ക്കാൻ അസോസിയേഷൻ ഭാരവാഹികളോട് ആവശ്യപ്പെട്ടു. പാവപ്പെട്ടവർ കളി കാണേണ്ട എന്നാവും അസോസിയേഷൻ ഭാരവാഹികളുടെ നിലപാടെന്നാണ് സൂചിപ്പിച്ചത്. പാവപ്പെട്ടവർ കളി കാണേണ്ടെന്ന് മന്ത്രി പറഞ്ഞെന്ന തരത്തിൽ പ്രചരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.