അമരാവതി: തിരുപ്പതി ക്ഷേത്രദർശനത്തിന് എത്തുന്ന ഭക്തരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന വ്യക്തികൾക്കും ഏജന്റുമാർക്കുമെതിരെ കർശന മുന്നറിയിപ്പുമായി തിരുമല തിരുപ്പതി ദേവസ്ഥാനം. ക്ഷേത്രദർശന ടിക്കറ്റുകളും താമസസൗകര്യവും വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. ക്ഷേത്രത്തിലെത്തുന്ന ഭക്തരെ കബളിപ്പിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ മുന്നറിയിപ്പ് നൽകി.
ക്ഷേത്രദർശനവും താമസസൗകര്യവും തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചതിന് വിജയവാഡയിലെ മെഡിക്കൽ വിദ്യാർത്ഥിനി പൊലീസിൽ പരാതി നൽകിയിരുന്നു. 2.60 ലക്ഷം രൂപയാണ് വിദ്യാർത്ഥിനിക്ക് നഷ്ടപ്പെട്ടത്. മൂന്ന് പേരാണ് കേസിലെ പ്രതികൾ. ഇവർ സമാന കുറ്റം ചെയ്തിട്ടുണ്. ചെയ്തിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. ഈ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി ക്ഷേത്ര ഭാരവാഹികൾ രംഗത്തെത്തിയത്.
ദർശനടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഏജന്റുമാർ ഭക്തരിൽ നിന്നും പണം വാങ്ങുന്നത്. ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ആരോപണവിധേയരെ നിരീക്ഷിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും ക്ഷേത്രഭാരവാഹികൾ അറിയിച്ചു.