ഹൈദരാബാദ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അമ്പാട്ടി റായുഡു ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു. 2019-20 സീസണില്‍ ഹൈദരാബാദിന്റെ ട്വന്റി-20 ടീമില്‍ റായുഡു കളിക്കും. ഇക്കാര്യം ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.
നേരത്തെ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ തയ്യാറാണെന്ന് കാണിച്ച് ക്രിക്കറ്റ് അസോസിയേഷന് റായുഡു കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് അസോസിയേഷന്‍ താരത്തെ ടീമിലുള്‍പ്പെടുത്തിയത്. ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായും വിരമിച്ച റായുഡുവിന്റെ തിരിച്ചുവരവ് എന്ന തീരുമാനത്തിന് പിന്നില്‍ സീനിയര്‍ താരങ്ങളുടെ ഇടപെടലുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധമെന്ന നിലയിലാണ് റായുഡു വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിജയ് ശങ്കറിന് പരിക്കേറ്റിട്ടും ഇന്ത്യയുടെ സ്റ്റാന്‍ഡ് ബൈ താരമായിരുന്ന റായുഡുവിനെ തഴഞ്ഞ് സെലക്ടര്‍മാര്‍ മായങ്ക് അഗര്‍വാളിനെ ഇംഗ്ലണ്ടിലേക്ക് അയക്കുകയായിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം രാജിവെക്കുകയായിരുന്നു.