പാലക്കാട്∙ സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. ഗതാഗത വകുപ്പുമായി ബസ്സുടമകളുടെ സംയുക്ത സമിതി നടത്തിയ ചർച്ച പരാജയപ്പെട്ടു. ബസ്സുടമകളുടെ ആവശ്യങ്ങളിൽ തീരുമാനമുണ്ടായില്ലെങ്കിൽ 22 മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവയ്ക്കും. അതിനു മുൻപ് പ്രശ്നം പരിഹരിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ.
40 കിലോമീറ്ററിൽ അധിക ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ പറഞ്ഞു. ഒട്ടേറെപ്പേർക്ക് ഇതുകാരണം തൊഴിൽ നഷ്ടപ്പെട്ടു.
വിദ്യാർഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർധന നടപ്പിലാക്കണം. കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം. ബസ്സ് ഉടമകളിൽനിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടി പിൻവലിക്കണം. ബസ് ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.