തിരുവനന്തപുരം: പാവങ്ങള്‍ക്ക് കോർപ്പറേഷൻ ബജറ്റില്‍ നിന്നും പണം വകയിരുത്തി വീടൊരുക്കാനുള്ള തിരുവനന്തപുരം കോർപറേഷന്‍റെ അഭിമാന പദ്ധതി - പ്രധാൻമന്ത്രി ഭവന യോജന (പിഎംബിവൈ)- ചുവപ്പുനാടയില്‍ കുരുങ്ങി.
പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി (ഡിപിസി) അംഗീകാരം നിഷേധിച്ചു. ലൈഫ് പദ്ധതി വഴി ഭൂമി ലഭിച്ചവർക്ക് തനത് ഫണ്ട് ഉപയോഗിച്ചും സ്പോണ്‍സർഷിപ് വഴിയും വീട് നിർമിച്ചു നല്‍കാനായാണ് പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ സംസ്ഥാനത്തെ ഭവന പദ്ധതികളെല്ലാം ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് തിരുവനന്തപുരം കോർപറേഷൻ്റെ പദ്ധതിക്ക് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് വിവരം.
ലൈഫ് പദ്ധതി വഴി 2023 ല്‍ ഭൂമി ലഭിച്ചെങ്കിലും വീട് നിർമിക്കാൻ കഴിയാത്ത 1573 ഗുണഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. പദ്ധതിക്കായി 20 കോടി രൂപ ബജറ്റില്‍ കോർപറേഷൻ വകയിരുത്തിയിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്ക് ആദ്യഘട്ടമായി ഒരു ലക്ഷം രൂപ വീതം സഹായം അനുവദിക്കാൻ നടപടികള്‍ നീക്കുന്നതിനിടെയാണ് എതിർപ്പ്. ഇതോടെ പദ്ധതി നിലവില്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്. സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റിക്ക് കോർപറേഷന് അപ്പീല്‍ നല്‍കാമെങ്കിലും അനുമതി ലഭിക്കാൻ വൈകും. ഈ സാഹചര്യത്തില്‍ നിയമനടപടിക്കൊരുങ്ങുകയാണ് കോർപ്പറേഷൻ. തദ്ദേശ സ്‌ഥാപനങ്ങളില്‍ പുതിയ ഭരണ സമിതി അധികാരത്തിലെത്തി മൂന്ന് മാസമായെങ്കിലും ജില്ലാ ആസൂത്രണ സമിതി പുനഃസംഘടിപ്പിച്ചിട്ടില്ല. നിലവിലെ അഡ്ഹോക് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നിഷേധിച്ചിരിക്കുന്നത്. പദ്ധതിക്ക് സർക്കാരിനോട് അനുമതി തേടുമെന്നും ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനുമാണ് കോർപ്പറേഷൻ്റെ തീരുമാനം.
അതേസമയം, പൊങ്കാലയ്ക്കുശേഷം ബാക്കിവരുന്ന കല്ലുകള്‍ പാവപ്പെട്ട ആളുകള്‍ക്ക് ഭവനനിർമാണത്തിനായി വിതരണം ചെയ്യുന്ന സിപിഎം മുൻ ഭരണസമിതിയുടെ മാതൃക പിന്തുടർന്നതില്‍ മേയർ വിവി രാജേഷ് വിശദീകരണവുമായി രംഗത്തെത്തി. ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതിക്ക് തടസം നില്‍ക്കേണ്ടെന്ന് കരുതിയാണ് പദ്ധതി പിന്തുടരുന്നതെന്നും മേയർ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ മുതല്‍ ചുടുകല്ല് വിതരണം ആരംഭിച്ചതായി മേയർ തന്നെ അറിയിച്ചു. വിവിധ ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരും, കല്ലുകള്‍ ലഭിക്കാതെ വീട് നിർമാണം തടസപ്പെട്ടവർക്കും കോർപ്പറേഷനെ സമീപിച്ചാല്‍ വിവിധ മാനദണ്ഡങ്ങള്‍ പരിശോധിച്ച് മുൻഗണനാ അടിസ്ഥാനത്തില്‍ കല്ല് ലഭിക്കും.














































































