ദില്ലി: ആർട്ടിഫിഷ്യൽ ഇന്‍റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ്‍ജിപിടി ഇനി ഇന്ത്യയിൽ രൂപയിലും ലഭ്യമാകും. ഇന്ത്യയിൽ ചാറ്റ്‍ജിപിടിയുടെ പ്രാദേശിക വിലനിർണ്ണയം ഓപ്പൺഎഐ പരീക്ഷിച്ചുതുടങ്ങി. ഉപയോക്താക്കൾക്ക് ആദ്യമായി ഡോളറിന് പകരം ഇന്ത്യൻ രൂപയിൽ പണമടയ്ക്കാൻ ഈ പദ്ധതി അനുവദിക്കുന്നു. ഒരു പൈലറ്റ് പ്രോഗ്രാമിന്‍റെ ഭാഗമായാണ് ചാറ്റ്‌ജിപിടി നിര്‍മാതാക്കളായ ഓപ്പൺഎഐയുടെ ഈ നീക്കം. ഇതുവരെ ഇന്ത്യൻ ഉപയോക്താക്കൾക്ക് ഡോളറിൽ ചാറ്റ്ജിപിടി സബ്‌സ്‌ക്രൈബ് ചെയ്യേണ്ടി വന്നിരുന്നു. ഇത് പലർക്കും ചാറ്റ്ജിപിടിയുടെ വില വളരെ ഉയർന്നതാക്കി. ചാറ്റ്ജിപിടിയുടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് പേയ്‌മെന്‍റുകൾ ലളിതവും കൂടുതൽ ആക്‌സസ് ചെയ്യാവുന്നതുമാക്കുക എന്നതാണ് ഈ നീക്കത്തിന്‍റെ ലക്ഷ്യം. ഓപ്പൺഎഐയുടെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ ഉപയോക്തൃ അടിത്തറകളിൽ ഒന്നാണ് ഇന്ത്യ എന്നതിനാൽ ഈ നീക്കം വളരെ പ്രധാനമാണ്.
പൈലറ്റ് പ്രോഗ്രാമിന് കീഴിൽ, ചാറ്റ്‍ജിപിടി പ്ലസ് പ്ലാനിന് ജിഎസ്‍ടി ഉൾപ്പെടെ പ്രതിമാസം 1,999 രൂപയാണ് വില. അതേസമയം ഉയർന്ന നിലവാരമുള്ള പ്രോ പ്ലാനിന് പ്രതിമാസം 19,900 രൂപയാണ് വില. ടീം പ്ലാൻ ഉപയോഗിക്കുന്ന ബിസിനസുകൾ ഒരു സീറ്റിന് പ്രതിമാസം 2,099 രൂപ നൽകണം. ഇതുവരെ, ഇന്ത്യൻ ഉപയോക്താക്കൾ പ്ലസിന് 20 ഡോളറും (ഏകദേശം 1,750 രൂപ), പ്രോയ്ക്ക് 200 ഡോളറും (ഏകദേശം 17,500 രൂപ), ടീം പ്ലാനിന് സീറ്റിന് 30 ഡോളറും (ഏകദേശം 2,600 രൂപ) എന്നിങ്ങനെ യുഎസ് ഡോളറിൽ ആയിരുന്നു നൽകേണ്ടിയിരുന്നത്
12 ഇന്ത്യൻ ഭാഷകളിൽ മെച്ചപ്പെട്ട പ്രകടനം വാഗ്‌ദാനം ചെയ്യുന്ന ഓപ്പൺഎഐയുടെ ഏറ്റവും പുതിയതും നൂതനവുമായ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിടി-5 പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഈ മാറ്റം വരുന്നത്. പ്രാദേശികവൽക്കരണം ചാറ്റ്‍ജിപിടിയെ കൂടുതൽ പ്രസക്തവും ഇന്ത്യൻ ഉപയോക്താക്കൾക്ക് ഉപയോഗിക്കാൻ എളുപ്പവുമാക്കുമെന്ന് ഓപ്പൺഎഐ പ്രതീക്ഷിക്കുന്നു. പ്രതിമാസം 399 രൂപ വിലയുള്ള കൂടുതൽ ബജറ്റ് സൗഹൃദ പദ്ധതിയായ ചാറ്റ്ജിപിടി ഗോ അവതരിപ്പിക്കാനും ഓപ്പൺഎഐ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. വിദ്യാർഥികൾ, ആദ്യമായി എഐ ഉപയോഗിക്കുന്നവർ ഉൾപ്പെടെ സാധാരണ ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ളതാണ് ചാറ്റ്ജിപിടി ഗോ എന്നാണ് റിപ്പോർട്ടുകൾ.
2025 ഫെബ്രുവരിയിൽ ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ ഇന്ത്യ സന്ദർശിച്ചപ്പോൾ പ്രാദേശിക വിലനിർണ്ണയത്തിനുള്ള ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഡോളറിൽ പേയ്‌മെന്‍റുകൾ സ്വീകരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് സ്റ്റാർട്ടപ്പ് സ്ഥാപകരും ഡെവലപ്പർമാരും റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഡെവലപ്പർമാർക്ക് തങ്ങളുടെ ഡിവൈസുകൾ കൂടുതൽ താങ്ങാനാവുന്നതാക്കി മാറ്റുന്നതിൽ കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് ജൂണിന്‍റെ തുടക്കത്തിൽ, ഓപ്പൺഎഐയുടെ എഞ്ചിനീയറിംഗ് വൈസ് പ്രസിഡന്‍റ് ശ്രീനിവാസ് നാരായണൻ വ്യക്തമാക്കിയിരുന്നു.
അമേരിക്കയ്ക്ക് ശേഷം ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ചാറ്റ്ജിപിടി ഉപയോഗത്തിന്‍റെ കാര്യത്തിൽ ഇന്ത്യ ഉടൻ തന്നെ യുഎസിനെ മറികടക്കുമെന്ന് ആൾട്ട്മാൻ അഭിപ്രായപ്പെട്ടു. എങ്കിലും ഇവിടെ ഓപ്പൺഎഐ കടുത്ത മത്സരമാണ് നേരിടുന്നത്. ഇന്ത്യൻ ഉപയോക്താക്കൾ ഓപ്പൺഎഐയെ മാത്രമല്ല പിന്തുടരുന്നത്. ഗൂഗിൾ, പെർപ്ലെക്സിറ്റി തുടങ്ങിയ എതിരാളികളും വളരെപ്പട്ടെന്ന് ഇന്ത്യൻ വിപണിയിൽ വികസിച്ചുകൊണ്ടിരിക്കുന്നു. ഭാരതി എയർടെല്ലിന്റെ 360 ദശലക്ഷം ഉപഭോക്താക്കൾക്ക് പെർപ്ലെക്സിറ്റി എഐ ഒരു വർഷത്തെ സൗജന്യ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതേസമയം ഗൂഗിൾ ഇന്ത്യൻ കോളേജ് വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ എഐ ടൂളുകൾ നൽകുന്നു.
പുതിയ പ്രാദേശിക വിലനിർണ്ണയ പൈലറ്റ് പദ്ധതി വഴി ഇന്ത്യൻ ഉപയോക്താക്കൾക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് താങ്ങാനാവുന്ന വിലയുള്ളതാക്കി മാറ്റുക മാത്രമല്ല, അതിവേഗം വളരുന്ന ഇന്ത്യൻ എഐ വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ഓപ്പൺ എഐ ആഗ്രഹിക്കുന്നു.