വയനാട്: വയനാട് ഉരുൾ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റ എസ്റ്റേറ്റിൽ സർക്കാർ ഒരുക്കിയ മാതൃകാ ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം ഇന്ന് നടന്നു. രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു. മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.
വയനാട് ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലുള്ള 178 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറിയത്.
വയനാടിന്റെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ വിവിധ സർക്കാർ ഏജൻസികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവർത്തനത്തിലൂടെയാണ് ടൗൺഷിപ്പ് യാഥാർഥ്യമായത്.
ആകെ 410 വീടുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1662 പേർക്ക് ഇവിടെ അഭയം ലഭ്യമാകും.
1000 ചതുരശ്രയടിയിൽ പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കത്തക്ക രീതിയിലാണ് ഒറ്റനില വീടുകൾ നിർമ്മിച്ചിരിക്കുന്നത്. ഭാവിയിൽ രണ്ടാം നില പണിയാനുള്ള അടിത്തറയും വീടുകൾക്ക് ഒരുക്കിയിട്ടുണ്ട്.
പ്രധാന കിടപ്പുമുറി ഉൾപ്പെടെ രണ്ട് മുറികൾ, സിറ്റൗട്ട്, ലിവിങ് റൂം, സ്റ്റഡി റൂം, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ എന്നിവ ഓരോ വീടിന്റെയും ഭാഗമാക്കിയിട്ടുണ്ട്.
വീടുകൾക്ക് പുറമെ സ്വയംപര്യാപ്ത ഗ്രാമത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും ടൗൺഷിപ്പിൽ സജ്ജീകരിച്ചിട്ടുണ്ട്. ലാബ്, ഫാർമസി, ഒപി, വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, കടകൾ, സ്റ്റാളുകൾ, ഓപ്പൺ മാർക്കറ്റ്, പാർക്കിങ് ഏരിയ, മൾട്ടി പർപ്പസ് ഹാൾ, ലൈബ്രറി, സ്പോർട്സ് ക്ലബ്ബ്, ഓപ്പൺ എയർ തിയേറ്റർ, അങ്കണവാടി, കളിസ്ഥലങ്ങൾ, പൊതുരോഡുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.














































































