രാജസ്ഥാന്: ഉദയ്പൂരില്‍ ഭാര്യയെ ആസിഡൊഴിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി. രാജസ്ഥാന്‍ അഡീഷണല്‍ ജില്ലാ കോടതിയുടേതാണ് വിധി. നിറം കുറവാണെന്നും തടി കൂടുതലാണെന്നുമെല്ലാം ആരോപിച്ച് ഭര്‍ത്താവ് കിഷന്‍ ഭാര്യയെ നിരന്തരം പീഡിപ്പിച്ചിരുന്നു. വെളുക്കാനുള്ള മരുന്ന് കൊണ്ടുവന്നിട്ടുണ്ട് എന്ന് പറഞ്ഞ് ഭാര്യയുടെ മേല്‍ ആസിഡ് തേക്കുകയായിരുന്നു.
മരുന്നിന് ആസിഡിന്റെ രൂക്ഷ ഗന്ധമുണ്ടെന്ന് അവര്‍ പറഞ്ഞെങ്കിലും അതിനെ വകവയ്ക്കാതെ ദേഹത്ത് ആസിഡ് തേക്കുകയും ഒരു ചന്ദനത്തിരി കത്തിച്ച് വയ്ക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ദേഹം മുഴുവന്‍ തീപിടിച്ചപ്പോള്‍ കിഷന്‍ ഭാര്യയുടെ ശരീരത്തിലേക്ക് ബാക്കി ആസിഡ് കൂടി ഒഴിക്കുകയും അവരെ കൊലപ്പെടുത്തുകയുമായിരുന്നു.
കിഷനെതിരെ ഉദയ്പൂരിലെ വല്ലഭാനഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് രാജസ്ഥാന്‍ ജില്ലാ കോടതി വിധി പുറപ്പെടുവിക്കുകയും ചെയ്തു. കറുത്ത നിറമായതിനാല്‍ ഭാര്യ പ്രതിയെയും കുറ്റപ്പെടുത്താറുണ്ടായിരുന്നെന്നും അതിനാലാണ് അയാള്‍ ഭാര്യയുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച് തീകൊളുത്തിയത് എന്നായിരുന്നു പബ്ലിക് പ്രോസിക്യൂട്ടര്‍ ദിനേശ് പാലിവാള്‍ പറഞ്ഞത്. ശരീരത്തില്‍ മുഴുവന്‍ ഗുരുതരമായി പൊള്ളലേറ്റാണ് യുവതി മരിച്ചത് എന്നും ദിനേശ് പാലിവാള്‍ പറഞ്ഞു. വിധി പ്രസ്താവിച്ച ജഡ്ജി, ഇത്തരം കേസുകള്‍ വ്യാപകമാകുന്നുവെന്നും സമൂഹത്തില്‍ കോടതിയോടുള്ള ഭയം നിലനിര്‍ത്താനാണ് പ്രതിക്ക് വധശിക്ഷ നല്‍കിയതെന്നും കൂട്ടിച്ചേര്‍ത്തു.