തിരു.: കേരള വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുസ്തകരചനയ്ക്കുള്ള എസ്. അനിൽ രാധാകൃഷ്ണൻ ഫെല്ലോഷിപ്പ് മലയാള മനോരമ കണ്ണൂർ ബ്യൂറോ ചീഫ് റിപ്പോർട്ടർ രഞ്ജിത് എൻപിസിയ്ക്ക് ലഭിച്ചു. കേരളത്തിലെ ഉത്തരവാദിത്വ ടൂറിസവുമായി ബന്ധപ്പെട്ട പഠനഗ്രന്ഥത്തിനാണ് ഫെല്ലോഷിപ്പ്.
2021 ൽ അന്തരിച്ച 'ദ ഹിന്ദു' കേരള ബ്യൂറോ ചീഫ് എസ്. അനിൽ രാധാകൃഷ്ണന്റെ കുടുംബവും കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റും ചേർന്ന് വികസനോന്മുഖ മേഖലയിലെ ഗ്രന്ഥരചനയ്ക്കായാണ് ഫെല്ലോഷിപ് ഏർപ്പെടുത്തിയത്. 50,000 രൂപയാണ് ഫെല്ലോഷിപ്പ് തുക.
കേരള സർവകലാശാല ജേണലിസം വകുപ്പു മുൻമേധാവി പ്രൊഫ. വി. വിജയകുമാർ, പിആർഡി മുൻ അഡീഷണൽ ഡയറക്ടർ പി.എസ്. രാജശേഖരൻ, കേരള രാജ്ഭവൻ പിആർഒ. എസ്.ഡി. പ്രിൻസ്, എസ്എസ്കെ സംസ്ഥാന പ്രോഗ്രാം ഓഫീസർ എസ്.എസ്. സിന്ധു, കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റ് ചെയർമാൻ സാനു ജോർജ്ജ് തോമസ്, സെക്രട്ടറി അനുപമ ജി. നായർ എന്നിവരടങ്ങിയ സമിതിയാണ് ലഭിച്ച പ്രൊപ്പോസലുകൾ പരിശോധിച്ചത്.