ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. എന്നാൽ എന്ന് ആശുപത്രി വിടാൻ ആകുമെന്ന് പറയാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നവംബർ 29നാണ് പെലെ അർബുദ പുന:പരിശോധനയ്ക്കായി സാവോ പോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കീമോതെറാപ്പിയോട് പ്രതികരിക്കാത്തതിനെത്തുടർന്ന് പെലെയെ സാന്ത്വന പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ശ്വാസകോശ സംബന്ധമായ അണുബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. പെലെയെ റൂമിലേക്ക് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ അറിയിച്ചു.
