ഇലന്തൂർ നരബലി കേസിൽ ആദ്യ കുറ്റപത്രം തയ്യാറാക്കി. ഇലന്തൂർ നരബലി കേസിന്റെ ആദ്യ കുറ്റപത്രം കൊച്ചി സിറ്റി പോലീസ് തയ്യാറാക്കി. മുഖ്യപ്രതി ഷാഫി അടക്കം മൂന്നു പ്രതികൾ ഉള്ള കേസിൽ, 150 സാക്ഷികൾ ഉണ്ട്. നരബലി സംഭവത്തിൽ എറണാകുളത്തും, കാലടിയിലുമായി രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തമിഴ്നാട് സ്വദേശിനി പത്മയെ ഇലന്തൂരിൽ കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിലാണ് ആദ്യ കുറ്റപത്രം തയ്യാറായത്. മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. പാരമ്പര്യ ചികിത്സ നടത്തുന്ന ഇലന്തൂരിലെ ഭഗവൽ സിംഗ്, ഇയാളുടെ ഭാര്യ ലൈല എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, മൃതദേഹത്തോട് അനാദരവ്, മോഷണം തുടങ്ങി നിരവധി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ അന്വേഷണസംഘം ചുമത്തിയിരിക്കുന്നത്. ഇലന്തൂരിലെ കൊലപാതകത്തിൽ മറ്റു ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളും സിസിടിവി ദൃശ്യങ്ങളും സാഹചര്യ തെളിവുകളും ആണ് പ്രോസിക്യൂഷന്റെ പ്രധാനപ്പെട്ട പിടിവള്ളി.
