യുവസംവിധായക നയന സൂര്യയുടെ ദുരൂഹ മരണം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘത്തെ ഇന്ന് തീരുമാനിക്കും. പ്രത്യേക സംഘത്തിന് കേസ് കൈമാറാനാണ് സാധ്യത. കേസ് ഡയറിയും മറ്റു രേഖകളും പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘത്തെ തീരുമാനിക്കുക. കഴുത്തിനേറ്റ പരുക്കാണ് മരണ കാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് നയനയുടെ മരണത്തിലെ ദുരൂഹത വർധിച്ചത്. ആദ്യഘട്ടത്തിൽ കേസ് അന്വേഷിച്ച മ്യൂസിയം പോലിസിന് വീഴ്ച പറ്റിയതായ വിമർശനങ്ങളും ശക്തമാണ്.നയനയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. നയന സ്വയം പരിക്കേൽപ്പിച്ചുവെന്ന് ഫോറൻസിക് റിപ്പോർട്ട് സ്ഥിരീകരിക്കുന്നില്ല.
