വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കി പാകിസ്താന്‍. പരമ്പരയിലെ മൂന്നാം ടി20 മത്സരത്തില്‍ വിന്‍ഡീസിനെ പരാജയപ്പെടുത്തിയതോടെയാണ് പാകിസ്താന്‍ പരമ്പര സ്വന്തമാക്കിയത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് പാകിസ്താന്‍ പിടിച്ചെടുത്തു.
ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്ലില്‍ നടന്ന മൂന്നാം ടി20യില്‍ 13 റണ്‍സിനാണ് പാക് വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്.
ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി 189 റണ്‍സ് അടിച്ചെടുത്തു. സാഹിബ്‌സാദ ഫര്‍ഹാന്‍ (74), സയിം അയൂബ് (66) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
അവസാന ഓവറുകളില്‍ ബാറ്റര്‍മാര്‍ തകര്‍ത്തടിച്ചതും പാകിസ്താനെ മികച്ച ടോട്ടലിലെത്തിച്ചു. അവസാന നാല് ഓവറില്‍ 53 റണ്‍സാണ് പാകിസ്ഥാന്‍ നേടിയത്. വണ്‍ഡൗണായി എത്തിയ യുവതാരം ഹസന്‍ നവാസ് (15) നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ രണ്ട് ഓവറില്‍ തന്നെ 33 റണ്‍സ് നേടാന്‍ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചു. അത്തനാസെ (60), റുഥര്‍ഫോര്‍ഡ് (51) എന്നിവര്‍ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ പാകിസ്താന്‍ ബൗളര്‍മാര്‍ ശക്തമായി തിരിച്ചുവന്നു. ഹാരിസ് റൗഫ്, സൂഫിയാന്‍ മുക്കീം എന്നിവര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു.