സർക്കാരിന്റെ പുതിയ മദ്യബ്രാൻഡിന് പേര് നിർദേശിക്കാൻ പരസ്യം നൽകിയത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് എക്സൈസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. പരസ്യം നൽകിയത് മലബാർ ഡിസ്റ്റലറീസാണെന്നും എക്സൈസ് ഹൈക്കോടതിയ്ക്ക് മുന്നിൽ വിശദീകരിച്ചു. പേരിടലിനെതിരായ ഹർജികൾ തള്ളണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ എക്സൈസ് പറഞ്ഞു. മദ്യബ്രാൻഡിന് പേരുകൾ ക്ഷണിച്ചുകൊണ്ടുള്ള പരസ്യത്തിനെതിരായി രണ്ട് പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതിയിലെത്തിയ പശ്ചാത്തലത്തിലാണ് എക്സൈസ് തങ്ങളുടെ ഭാഗം കോടതിയിൽ വിശദീകരിച്ചത്.
പരസ്യം നിയമവിരുദ്ധമല്ലെന്നാണ് എക്സൈസും കോടതിയിൽ വിശദീകരിച്ചിരിക്കുന്നത്. പരസ്യത്തിൽ മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒന്നുമില്ല. നിലവിലുള്ള ഏതെങ്കിലും ബ്രാൻഡിനെ പ്രോത്സാഹിപ്പിക്കാനും പരസ്യത്തിലൂടെ ശ്രമിച്ചിട്ടില്ല. പുതിയ ബ്രാൻഡിന്റെ പേര് ചോദിക്കുക മാത്രമാണ് ചെയ്‌തതെന്നും എക്സൈസ് ഹൈക്കോടതിയിൽ വിശദീകരിച്ചു. പരസ്യം നൽകിയിട്ടില്ലെന്നും നിലവിൽ മദ്യ ഉൽപ്പാദനത്തിൽ ഏർപ്പെട്ടിട്ടില്ലെന്നുമാണ് ബെവ്കോ കോടതിയിൽ നൽകിയ വിശദീകരണം. പാലക്കാട്ടെ മലബാർ ഡിസ്റ്റിലറീസിൽ നിന്നും പുറത്തിറക്കുന്ന ബ്രാൻഡിക്ക് ഉചിതമായ പേരും ലോഗോയും ക്ഷണിച്ചായിരുന്നു വിജ്ഞാപനം പുറത്തിറക്കിയത്. ബ്രാൻഡിക്ക് ഏറ്റവും മികച്ച പേര് നിർദേശിക്കുന്നവർക്ക് 10,000 രൂപ പ്രഖ്യാപിച്ചിരുന്നു.











































































