തളിപ്പറമ്പിലും പയ്യന്നൂരിലും സി.പി.എമ്മിൽനിന്ന് പിണങ്ങിപ്പിരിഞ്ഞെത്തിയവരെ പിന്തുണയ്ക്കുന്നതിനെച്ചൊല്ലി യു.ഡി.എഫിൽ പ്രതിഷേധം. സി.പി.എമ്മിൽ ആഭ്യന്തരകലാപമുണ്ടായതോടെ രണ്ടിടത്തും ജയിക്കാവുന്ന സാഹചര്യമാണെന്നും അത് ഉപയോഗിക്കാതെ സി.പി.എം. വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം ശരിയല്ലെന്നുമാണ് വിമർശം.
പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണ്‌ണനെയും തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനെയും പിന്തുണയ്ക്കാനുള്ള ആലോചന നേതൃതലത്തിൽ ഉണ്ടായതുമുതൽ അണികൾക്കിടയിൽ അതൃപ്‌തിയുണ്ടായിരുന്നു.
ഇനിയും ചെണ്ടയായി മാറാൻ തയ്യാറാണെന്നും, പക്ഷേ, മാരാർ ചമയുന്നത് ശത്രുക്കളാകരുതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
പ്രമുഖ കോൺഗ്രസ് നേതാവ് തളിപ്പറമ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുന്നതായും വിവരമുണ്ട്. നേരത്തെ തളിപ്പറമ്പിൽ പരിഗണിച്ചവരുടെ കൂട്ടത്തിലുള്ള നേതാവാണ് പത്രിക നൽകാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനപ്പുറം സി.പി.എം. കോട്ടകളിലേക്ക് കടന്നുകയറാനുള്ള അവസരമാണ് ടി.കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്‌ണനെയും പിന്തുണയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്.














































































