യുവ സംവിധായക നയന സൂര്യയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഉടൻ മുഖ്യമന്ത്രിക്ക് പരാതി നൽകും. അന്വേഷണം സിബിഐക്ക് വിടണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ആലോചനയുണ്ട്. വിചിത്രമായ ഫോറൻസിക് റിപ്പോർട്ട് കൂടി വന്ന സാഹചര്യത്തിലാണ് കുടുംബത്തിൻറെ നീക്കം. സ്വയം പീഡനത്തിലൂടെ ആനന്ദം കണ്ടെത്തുന്ന അവസ്ഥയിൽ ജീവൻ നഷ്ടപ്പെട്ടിരിക്കാം എന്നാണ് ഫോറൻസിക് റിപ്പോർട്ടിലെ സംശയം. നയനയുടെ മരണത്തിന് കാരണം കഴുത്തു ഞെരിഞ്ഞതെന്നായിരുന്നു പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. പോലീസിനെതിരെ ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. മരണത്തിൽ ദുരൂഹതയില്ല എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത് പോലീസ് എന്ന് നയനയുടെ കുടുംബം ആരോപിച്ചു. 2019 ഫെബ്രുവരി 24നാണ് തിരുവനന്തപുരം ആൽത്തറയിൽ ഉള്ള വാടകവീട്ടിൽ വച്ച് നയനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മൂന്ന് വർഷം കഴിഞ്ഞ ശേഷം പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ചില വിവരങ്ങൾ പുറത്തുവന്നതോടെയാണ് കൊലപാതകം എന്ന സംശയം ഉയരുന്നത്.
