തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരെ മർദിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കേസ് എടുക്കാൻ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ഇക്കാര്യം ചൂണ്ടിക്കാട്ടി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന വിലയിരുത്തലിൽ മെഡിക്കൽ കോളേജുകളിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതും ആയി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും നടപടികൾ കർശനമാക്കി.രോഗിക്കൊപ്പം ഇനിമുതൽ ഒരു സമയം ഒരാളെ മാത്രമേ കൂട്ടിരിപ്പിന് അനുവദിക്കൂ. ഇത്തരത്തിൽ രണ്ടുപേർക്ക് മാറി മാറി ഇരിക്കാം. ഇവർക്ക് പ്രത്യേക പാസ് അനുവദിക്കും. പാസ് കൈമാറ്റം ചെയ്യാനോ ആശുപത്രിയിൽ ഉള്ള അനാവശ്യ സഞ്ചാരങ്ങളോ അനുവദിക്കില്ല. പാസ് ഇല്ലാതെ വാർഡുകളിൽ എത്തുന്നവരെ കണ്ടെത്തിയാൽ സുരക്ഷാ ജീവനക്കാർ പോലീസിനെ വിവരമറിയിക്കണം. സുരക്ഷാ ജീവനക്കാരുടെ ഭാഗത്തുനിന്ന് കയ്യേറ്റ ശ്രമങ്ങൾ ഉണ്ടാകരുതെന്നും നിർദ്ദേശമുണ്ട്.
