ക്യാമറയും മൈക്രോ ചിപ്പും കാലുകളിൽ ഘടിപ്പിച്ച പ്രാവിനെ ഒഡീഷയിൽ പിടികൂടി. ജഗത്സിങ്പുർ ജില്ലയിലെ മത്സ്യബന്ധന ബോട്ടിൽ നിന്നാണ് പ്രാവിനെ പിടികൂടിയത്. ചാരപ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രാവ് ആണ് ഇതെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളാണ് പ്രാവിനെ പിടികൂടി പൊലീസിനെ ഏൽപിച്ചത്. ഫൊറൻസിക് ലാബിലെ വിശദമായ പരിശോധനയ്ക്കു ശേഷമേ പ്രാവിൻ്റെ കാലുകളിൽ ഘടിപ്പിച്ചിട്ടുള്ള ഉപകരണങ്ങളെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. പ്രാവിൻ്റെ ചിറകിലും പരിചിതമല്ലാത്ത ഭാഷയിൽ എഴുതിയിട്ടുണ്ട്. ഇതു മനസ്സിലാക്കാൻ വിദഗ്ധരുടെ സേവനം തേടിയിട്ടുണ്ട്.
















































































