തിരുവനന്തപുരം: ശബരിമല ദ്വാരപാലകശില്‍പ്പത്തിലെ സ്വര്‍ണപ്പാളി തിരിമറിയില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി. കുറ്റവാളികളെ ഒരുകാലത്തും സര്‍ക്കാര്‍ സംരക്ഷിച്ചിട്ടില്ലെന്നും തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന രീതിയും ശീലവുമാണ് തങ്ങള്‍ക്കെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.
'വിഷയത്തില്‍ ഗൗരമായ പരിശോധന നടക്കണമെന്നാണ് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡും വകുപ്പും സ്വീകരിച്ച നിലപാട്. ഹൈക്കോടതി നിയോഗിച്ചിട്ടുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യം ഇവിടെ പറയുന്നില്ല. അന്വേഷണം സിബിഐ നടത്തണമെന്നാണ് പ്രതിപക്ഷം പറയുന്നത്. അതിന്റെ പിന്നിലും രാഷ്ട്രീയമുണ്ട്. അന്വേഷണം കുറ്റമറ്റ രീതിയില്‍ നടക്കും. കുറ്റവാളി രക്ഷപ്പെടില്ല. ഒന്നും പറയാനില്ലാത്തതിനാലാണ് സഭയില്‍ ഇങ്ങനെയൊക്കെ കാണിക്കുന്നത്', മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഇന്നും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം സഭ വിട്ടു. ദേവസ്വം വകുപ്പ് മന്ത്രി രാജിവെക്കുവരെ സഭ നടപടികളുമായി സഹകരില്ലെന്ന് നിലപാടിലാണ് പ്രതിപക്ഷം. 'പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിച്ച് സമരം ചെയ്യുമ്പോള്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഇറക്കി നേരിടുന്നത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എന്നിട്ടും പ്രകോപനം ഉണ്ടാക്കിയില്ല. വനിതാ അംഗങ്ങളെ വരെ തള്ളിമാറ്റി. മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നാണ് പ്രകോപനം ഉണ്ടായത്. മന്ത്രിമാരുടെ നേതൃത്വത്തിലാണ് നടുത്തളത്തിലിറങ്ങിയത്' എന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് സ്പീക്കര്‍ നിഷേധിച്ചതോടെ നിങ്ങള്‍ ആ ചെയറില്‍ ഇരുന്ന് കള്ളം പറയരുതെന്ന് അറിയിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിക്കുകയായിരുന്നു.
ചോദ്യോത്തരവേളക്കിടെയും ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ സഭയിലേക്കിറങ്ങി. പ്രതിപക്ഷം സ്പീക്കറുടെ മുഖം മറച്ച് ബാനര്‍ ഉയര്‍ത്തിയതോടെ ഇതല്ല ജനാധിപത്യം എന്ന് സ്പീക്കര്‍ പറഞ്ഞു.