കണ്ണൂര്‍: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ പരസ്യമായി മദ്യപിച്ച സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. ഇന്നലെ പുറത്തുവന്ന ദൃശ്യങ്ങളില്‍ പൊലീസ് കാവലില്‍ കൊടി സുനി മദ്യപിക്കുന്നത് വ്യക്തമായിരുന്നു. മദ്യം കൊണ്ടുവന്ന വാഹനത്തിന്റെ നമ്പറും ഇതില്‍ ദൃശ്യമായിരുന്നു. തലശ്ശേരിയിലെ ഹോട്ടലിന് മുന്നില്‍ കഴിഞ്ഞ മാസം 17നായിരുന്നു സംഭവം നടന്നത്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. വകുപ്പുതല അന്വേഷണത്തിന് ശേഷം സിപിഒ ഉദ്യോഗസ്ഥരായ വൈശാഖ്, വിനീഷ്, ജിഷ്ണു എന്നിവര്‍ക്കെതിരായിരുന്നു നടപടി സ്വീകരിച്ചത്.
ടിപി വധക്കേസില്‍ പ്രതികളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി മൂന്നില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴായിരുന്നു സംഭവം നടന്നത്. കോടതിയില്‍ ഹാജരാക്കിയ ശേഷം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതായി കോടതി പിരിഞ്ഞിരുന്നു. ഈ സമയം ഭക്ഷണം വാങ്ങി നല്‍കുന്നതിനായി പ്രതികളെ പൊലീസ് സമീപത്തെ വിക്ടോറിയ ഹോട്ടലില്‍ എത്തിച്ചു. ഈ സമയം പ്രതികളുടെ സുഹൃത്തുക്കള്‍ ഇവിടേയ്ക്ക് എത്തുകയും പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ മദ്യം കഴിച്ചു എന്നുമായിരുന്നു പരാതി. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുകയും പൊലീസിന് വീഴ്ച സംഭവിച്ചതായി വ്യക്തമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.