പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യത്ത് നിലനില്‍ക്കുന്ന പാചകവാതക ക്ഷാമവും ഇന്ധനവില വർധനയും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേർന്നു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ആഗോള സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് ഇന്ധന പ്രതിസന്ധി മറികടക്കാൻ ഇന്ത്യ സജ്ജമാണെന്നാണ് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
യുദ്ധം കാരണം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങള്‍ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദേശം നല്‍കി. റഷ്യ ഉള്‍പ്പെടെയുള്ള ഇതര രാജ്യങ്ങളില്‍ നിന്ന് എണ്ണയും ഗ്യാസും ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍, രാജ്യത്തെ സാധാരണക്കാരെ ബാധിക്കാത്ത രീതിയില്‍ വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു. സബ്സിഡികള്‍ തുടരുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം മന്ദഗതിയിലായതിനാല്‍, ലഭ്യമായ എല്‍പിജി സ്റ്റോക്ക് ഗാർഹിക ആവശ്യങ്ങള്‍ക്ക് മുൻഗണന നല്‍കി വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തിന് നിർദേശം നല്‍കിയിട്ടുണ്ട്.













































































