കൊച്ചി: കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എല്ലാറ്റിലൂടെയും ഓരോ മലയാളിയുമായും ആഴത്തിലുള്ള അന്തര്‍ധാര കഴിഞ്ഞ അമ്പതാണ്ടത്തെ ചലച്ചിത്രജീവിതത്തില്‍ സജീവമായി നിലനിര്‍ത്തിയ പ്രിയപ്പെട്ട ശ്രീനിവാസന്‍ വിട പറഞ്ഞു. 69 വയസ്സായിരുന്നു.

സംസ്കാരം സംസ്ഥാന ബഹുമതികളോടെ ഇന്ന് രാവിലെ 10ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയില്‍ വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: വിമല. മക്കള്‍: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കള്‍: ദിവ്യ, അർപ്പിത.
ഇന്നലെ രാവിലെ 8.30ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. ഏറെ നാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ രാവിലെ ഭാര്യ വിമലക്കൊപ്പം വീട്ടില്‍ നിന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലേയ്‌ക്ക് പോകുന്നതിനിടെ തൃപ്പൂണിത്തുറ എത്തിയപ്പോള്‍ ആരോഗ്യ നില മോശമാവുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം എത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രണ്‍ജി പണിക്കര്‍, രഞ്ജിത്ത്, ലാലു അലക്‌സ്, മഞ്ജു പിള്ള ഉള്‍പ്പെടെയുള്ളവരെല്ലാം വീട്ടിലെത്തി. ഉച്ചയ്‌ക്ക് ഒരു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
1956 ഏപ്രില്‍ 4ന് തലശേരിക്കടുത്തുള്ള പാട്യത്തായിരുന്നു ജനനം. കതിരൂര്‍ ഗവ. സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്‌എസ് കോളജിലുമാണ് പഠിച്ചത്. കണ്ണൂരുകാരന്‍ പാട്യത്തെ ശ്രീനിവാസനെ വളര്‍ത്തിയെടുത്തത് മദ്രാസിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ്. രജനികാന്ത് അടക്കമുള്ള പ്രമുഖര്‍ക്കൊപ്പം സിനിമാ പഠനം. 1977ല്‍ പി.എ. ബക്കറിന്റെ മണിമുഴക്കത്തില്‍ അഭിനയത്തിന്റെ അരങ്ങേറ്റം കുറിച്ചു. സത്യന്‍ അന്തിക്കാടുമൊത്ത് 15 സിനിമകള്‍. മികച്ച കൂട്ടുകെട്ട് ഒരുക്കിയവരില്‍ പ്രിയദര്‍ശന്‍, കമല്‍ എന്നിവരുമുണ്ട്.
48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ സിനിമയിലെ സമസ്തമേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. സന്മസുളളവര്‍ക്ക് സമാധാനം, ടി.പി. ബാലഗോപാലന്‍ എംഎ, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, തലയണമന്ത്രം, ഗോളാന്തരവാര്‍ത്ത, ചമ്പക്കുളം തച്ചന്‍, വരവേല്‍പ്, സന്ദേശം, ഉദയനാണ് താരം, മഴയെത്തും മുമ്പേ, അഴകിയ രാവണന്‍, ഒരു മറവത്തൂര്‍കനവ്, അയാള്‍ കഥയെഴുതുകയാണ്, കഥ പറയുമ്പോള്‍ തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി.
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലെ എംഎ ധവാന്‍, ചിദംബരത്തിലെ മുനിയാണ്ടി, നാടോടിക്കാറ്റിലെ വിജയന്‍, പൊന്‍മുട്ടയിടുന്ന താറാവിലെ സ്വര്‍ണപണിക്കാരന്‍, പാവം പാവം രാജകുമാരനിലെ പാരലല്‍ കോളജ് അധ്യാപകന്‍, വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, തേന്‍മാവിന്‍ കൊമ്പത്തിലെ അപ്പക്കാള, ചിന്താവിഷ്ടയായ ശ്യാമളയിലെ വിജയന്‍ മാഷ്, ഉദയനാണ് താരത്തിലെ സരോജ്കുമാര്‍ തുടങ്ങിയ നിരവധി കഥാപാത്രങ്ങളിലൂടെ അഭിനയത്തിലും ശ്രദ്ധേയനായി. സിനിമയ്‌ക്ക് പുറത്തെ ചര്‍ച്ചകളിലും ശ്രീനിവാസന്‍ എന്നും നിറഞ്ഞു. മുഖംനോക്കാതെ സാമൂഹ്യ വിമര്‍ശനം നടത്തി. കൃഷിയുടെ നല്ല പാഠങ്ങളും പകര്‍ന്നു നല്‍കി.















































































