ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയിലെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിന് ആശംസ അറിയിച്ച് ഐ പി എൽ ടീമായ ലഖ്‌നൗ സൂപ്പർ ജയൻറ്സ് പങ്കുവച്ച പോസ്റ്ററിനെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ ലഖ്‌നൗവിന്‍റെ മുൻ ക്യാപ്റ്റൻ കൂടിയായ കെ എൽ രാഹുലിനെ ഒഴിവാക്കിയതാണ് വിവാദമുണ്ടാക്കിയത്. ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നായിരുന്നു കഴിഞ്ഞ സീസണിന് മുന്നോടിയായി രാഹുൽ ടീം വിട്ടത്.
ഇംഗ്ലണ്ടില്‍ മികച്ച പ്രകടനങ്ങൾ നടത്തിയ ഇന്ത്യൻ താരങ്ങളുടെ കൊളാഷ് ചിത്രമാണ് ലഖ്‌നൗ അഭിനന്ദന പോസ്റ്റില്‍ പങ്കുവെച്ചത്. ടോപ് സ്കോററായ ശുഭ്മാൻ ഗില്ലിന്‍റെയും ലഖ്‌നൗ നായകനായ റിഷഭ് പന്തിന്‍റേതുമായിരുന്നു കൂടുതൽ ചിത്രങ്ങളും. രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവരുടെ ചിത്രങ്ങളും കൊളാഷിലുണ്ട്.
എന്നാല്‍ ഇംഗ്ലണ്ടില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സടിച്ച രണ്ടാമത്തെ താരമായ രാഹുലിന്‍റെ ഒറ്റ ചിത്രം പോലും പോസ്റ്ററില്‍ കൊടുത്തിരുന്നില്ല. ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ച്വറി അടക്കം 532 റണ്‍സാണ് രാഹുല്‍ നേടിയത്. ഇതിനെതിരെ വലിയ വിമർശനം ഉയർന്നു. 2024 സീസണൊടുവില്‍ ലഖ്‌നൗ വിട്ട രാഹുല്‍ ഈ കഴിഞ്ഞ സീസണിൽ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് കളിച്ചത്. താരം മിന്നും പ്രകടനം സീസണിൽ കാഴ്ച്ച വെക്കുകയും ചെയ്‌തു.