കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്. പ്രതികൾക്ക് 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയായി ഈടാക്കുന്ന തുക കൊല്ലപ്പെട്ട യുവതിയുടെ സഹോദരിക്ക് നൽകും.തിരുവനന്തപുരം ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കേസിലെ പ്രതികളായ ഉമേഷ്,ഉദയൻ എന്നിവർ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

നമ്മുടെ നാട്ടിൽ അതിഥിയായി എത്തിയ യുവതിയാണ്
കൊല്ലപ്പെട്ടതെന്നും,രാജ്യാന്തരതലത്തിൽ
ഉറ്റുനോക്കുന്ന വിധിയാണിതെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. അപൂർവങ്ങളിൽ
അപൂർവ്വമായ കേസ് ആണെന്നും, പ്രതികൾക്ക്
പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പോത്തൻകോട്ടെ ആയുർവേദ കേന്ദ്രത്തിൽ സഹോദരിക്കൊപ്പം
ചികിത്സക്കെത്തിയ 40 കാരിയായ ലാത്വിയൻ യുവതിയാണ് കൊല്ലപ്പെട്ടത്. 2018 മാർച്ച്
14ന് കാണാതായ യുവതിയുടെ മൃതദേഹം ഏപ്രിൽ 20ന് അഴുകിയ നിലയിൽ കണ്ടെത്തുകയായിരുന്നു.