തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണ്ണപ്പാളി, താങ്ങുപീഠം വിഷയങ്ങള്‍ വിവാദമായിരിക്കെ പ്രതികരിച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി. മാധ്യമങ്ങള്‍ ക്രൂശിച്ചുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. തനിക്ക് ഒരു വ്യക്തിത്വമുണ്ട്. പറയാനുള്ള കാര്യങ്ങള്‍ കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു.
'മീഡിയയോട് പ്രതികരിക്കാന്‍ താത്പര്യമില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് പറയാം. തെളിയിച്ച് പുറത്തുകൊണ്ടുവരേണ്ടത് എന്റെ ഉത്തരവാദിത്തമാണല്ലോ?. ഒരാളെ മാത്രം ഫോക്കസ് ചെയ്യുകയാണ്. പറയാനുള്ളത് കോടതിയില്‍ പറയും. മാധ്യമങ്ങള്‍ ഇനി ക്രൂശിക്കാന്‍ ഒന്നുമില്ല. ഇപ്പോള്‍ എനിക്ക് 52 വയസായി. ഈ നാട്ടില്‍ ഒരു ഐഡന്റിറ്റി ഉണ്ട്. നിങ്ങള്‍ക്ക് തകര്‍ക്കാന്‍ പറ്റുന്നത് മുഴുവന്‍ തകര്‍ക്കൂ. ഇനി അവരെ തകര്‍ക്കണം. ഞാന്‍ ചതിയില്‍പ്പെടണം. ഒരു പരിധിയില്‍ കൂടുതല്‍ കടന്നുകയറിയാല്‍ ബുദ്ധിമുട്ടാകും', ഉണ്ണികൃഷ്ണന്‍ പോറ്റി പറഞ്ഞു. ഒരു മനുഷ്യന്റെ സ്വകാര്യതയെ ചോദ്യം ചെയ്യരുത്. തന്നെ കോടതി ശിക്ഷിച്ചിട്ടില്ല. ശരിയോ തെറ്റോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൂട്ടിച്ചേര്‍ത്തു. ചോദ്യം ചെയ്യലിന് ഹാജരാകരണം എന്നാവശ്യപ്പെട്ട് വിജിലൻസിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും ഉണ്ണികൃഷ്ണൻ പോറ്റി കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ദേവസ്വം വിജിലന്‍സ് ഓഫീസില്‍ ശനിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ശബരിമലയിലെ സ്വര്‍ണപ്പാളി സംബന്ധിച്ച് ഓരോ ദിവസവും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ശബരിമലയിലെ പ്രധാന വാതില്‍ എന്ന പേരില്‍ സ്വര്‍ണം പൂശിയ വസ്തു ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരു ശ്രീറാംപുരയിലെ അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി ക്ഷേത്രം ഭാരവാഹി വിശ്വംഭരന്‍ രംഗത്തെത്തി. അമ്പലത്തില്‍ എത്തിച്ച വസ്തു പൂജ നടത്തി. അതിന് ശേഷം ഭക്തജനങ്ങളെ കാണിച്ചു. അന്ന് തന്നെ അത് ശബരിമലയിലേക്ക് തിരികെ കൊണ്ടു പോയി. മൂന്ന് പേര്‍ ചേര്‍ന്നാണ് വസ്തു അമ്പലത്തിലേക്ക് എത്തിച്ചതെന്നും വിശ്വംഭരന്‍ പറഞ്ഞു. അതേസമയം, സ്വര്‍ണം പൂശാനായി തങ്ങള്‍ക്ക് ലഭിച്ചത് ചെമ്പ് പാളിയാണെന്ന് വ്യക്തമാക്കി ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം സ്വര്‍ണപ്പാളി ഏറ്റുവാങ്ങിയവരില്‍ ഒരാളായ അനന്ത സുബ്രഹ്‌മണ്യം പറഞ്ഞു. ചെമ്പുപാളി സ്വര്‍ണം പൂശിയത് തങ്ങളാണ്. അയ്യപ്പനെ സേവിക്കാന്‍ കിട്ടിയ അവസരമായാണ് അതിനെ കണ്ടത്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ വിളിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ആവശ്യമെങ്കില്‍ വിളിപ്പിക്കും എന്ന് വിജിലന്‍സ് അറിയിച്ചിരുന്നുവെന്നും അനന്ത സുബ്രഹ്‌മണ്യം കൂട്ടിച്ചേര്‍ത്തു.