ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ജനവിധി ഇന്നറിയാം. നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ രാവിലെ 8:00 മണിക്ക് ആരംഭിച്ചു. ഗുജറാത്തിൽ 33 ജില്ലകളിലായി 37 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഹിമാചൽ പ്രദേശിലും രാവിലെ 8 മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ഗുജറാത്തിൽ 182 ഒബ്സർവർമാർ അടക്കം 700 ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് സ്റ്റേഷനുകളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിക്കുക. 27 വർഷമായി ഭരണം നിലനിർത്തുന്ന ബിജെപിക്ക് ഇത്തവണയും വൻഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത്. ഹിമാചൽ പ്രദേശിലും ബിജെപിക്ക് ഭരണത്തുടർച്ച എന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്.
