ആലപ്പുഴ: ആലപ്പുഴ തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം വീട്ടില്‍ ഗോപിനാഥന് നായര്‍ (65) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിന് സമീപം കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ഗോപിനാഥന് നായരെ രണ്ടാഴ്ച്ച മുന്‍പാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് തിരുവന്‍വണ്ടൂരില്‍ നിന്ന് തിരുവല്ലയിലേക്ക് കച്ചവടത്തിനായി പോകുന്ന ഗോപിനാഥന് രാത്രി 9.30 ഓടെയാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്.
തിരുവന്‍വണ്ടൂര്‍ മില്‍മ സൊസൈറ്റിപ്പടിക്ക് സമീപത്തുവച്ച് സൈക്കിളില്‍ വീട്ടിലേക്കുവരികയായിരുന്ന ഗോപിനാഥന്റെ പിറകേ നായ ഓടി. ഭയന്ന ഗോപിനാഥൻ റോഡില്‍ വീഴുകയും നായ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ നായയുടെ നഖം കാലില്‍ കൊണ്ട് മുറിവേറ്റിരുന്നു. എന്നാൽ ഇത് ഗോപിനാഥന് കാര്യമാക്കിയില്ല. പിന്നീട് പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ശേഷമാണ് ചികിത്സ തേടിയത്.