മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്ത 17.2 ലക്ഷം യാത്രക്കാരില്‍ നിന്ന് സെന്‍ട്രല്‍ റെയില്‍വെ നാല് മാസത്തിനുള്ളില്‍ പിഴയായി ഈടാക്കിയത് നൂറൂകോടി രൂപ. ''ഓഗസ്റ്റില്‍ മാത്രം ടിക്കറ്റിലാതെ യാത്ര ചെയ്ത 2.8 ലക്ഷം പേരെയാണ് ട്രെയിനുകളിലെ ടിക്കറ്റ് ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥർ പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2.3 ലക്ഷമായിരുന്നു. 18 ശതമാനത്തിന്റെ വര്‍ധനവാണ് ഇത് കാണിക്കുന്നത്. ഇവരില്‍ നിന്ന് 13.8 കോടി രൂപ പിഴയായി ഈടാക്കി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ പിഴയായി ഈടാക്കിയത് 8.9 കോടി രൂപയായിരുന്നു. പിഴയിനത്തില്‍ 56 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്,'' സെന്‍ട്രല്‍ റെയില്‍വേ വക്താവ് സ്വപ്‌നില്‍ നിള പറഞ്ഞു.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലെ ഭുസാവല്‍ ഡിവിഷനിൽ 4.34 ലക്ഷം കേസുകളില്‍ നിന്നായി 36.93 കോടി രൂപ പിഴയായി ഈടാക്കി. മുംബൈ ഡിവിഷനില്‍ 7.03 കേസുകളില്‍ നിന്ന് 29.17 കോടി രൂപ ഈടാക്കി. നാഗ്പൂര്‍ ഡിവിഷനില്‍ 1.85 ലക്ഷം കേസുകളില്‍ നിന്ന് 11.44 കോടി രൂപയും ഈടാക്കി. അതേസമയം, പൂനെ ഡിവിഷനില്‍ 1.89 ലക്ഷം കേസുകളില്‍ നിന്ന് 10.41 കോടി രൂപയും സോളാപൂര്‍ ഡിവിഷനില്‍ 1.04 ലക്ഷം കേസുകളില്‍ നിന്ന് 5.01 കോടി രൂപയും സെന്‍ട്രല്‍ റെയില്‍വെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് 1.04 കേസുകളില്‍ 7.54 കോടി രൂപയുമാണ് പിഴയായി ഈടാക്കിയത്.