കൊച്ചി: സീബ്രാലൈനുകളിൽ പ്രഥമ പരിഗണന കാൽനട യാത്രക്കാർക്കാണെന്നും ഇവിടെ അപകടമുണ്ടായാൽ ഉത്തരവാദിത്വം അപകടമുണ്ടാക്കിയ വാഹനത്തിൻ്റെ ഡ്രൈവർക്കായിരിക്കുമെന്നും ഹൈക്കോടതി. പ്രധാന റോഡുകളിലെല്ലാം കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകൾ കൃത്യമായി അടയാളപ്പെടുത്തണമെന്നു നിർദ്ദേശിച്ച സിംഗിൾബെഞ്ച്, ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പ്രധാന ചുമതലയാണെന്നും വ്യക്തമാക്കി. കണ്ണൂർ ചെറുകരയിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ കോഴിക്കോട് സ്വദേശി ഡൊറീന റോള മെൻഡെൻസ (50) പൊലീസ് ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ ആശ്രിതർക്ക് 48.32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന തലശേരി എം.എ.സി.ടിയുടെ വിധിക്കെതിരെ സംസ്ഥാന ഇൻഷ്വറൻസ് വകുപ്പു നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.
