2018ല്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലറുകളിൽ ഒന്നായിരുന്നു രാക്ഷസന്‍. മലയാളി സിനിമാപ്രേമികള്‍ക്കിടയിലും വലിയ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഇത്. തിയേറ്ററിൽ നൂറ് ദിവസം പൂര്‍ത്തിയാക്കിയ ചിത്രം വിഷ്ണു വിശാലിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അടുത്ത വർഷം എത്തുമെന്ന് അറിയിച്ചിരിക്കുകയാണ് നടൻ. ഐശ്വര്യ ലക്ഷ്മി നായികയായ ഗാട്ടാഗുസ്തിയുടെ രണ്ടാം ഭാഗം അണിയറയിലാണെന്നും ഇദ്ദേഹം പറഞ്ഞു.
സൈക്കോളജിക്കല്‍ ത്രില്ലറായ രാക്ഷസനിൽ അമല പോളായിരുന്നു നായികയായെത്തിയത്. വിഷ്ണുവിനും അമല പോളിനുമൊപ്പം ശരവണന്‍, കാളി വെങ്കട്ട്, വിനോദിനി വൈദ്യനാഥന്‍, രാംദോസ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രാക്ഷസന്‍ എന്ന ചിത്രത്തിനായി ജിബ്രാന്‍ ഒരുക്കിയ ബാക്ക് ഗ്രൗണ്ട് സ്‌കോറും ചര്‍ച്ചയായിരുന്നു. 30 കോടിയോളമാണ് രാക്ഷസന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ക്രിസ്റ്റഫര്‍ എന്ന വില്ലന്‍ കഥാപാത്രമായി രാക്ഷസനിലെത്തിയ ശരവണന്‍ എന്ന നടനും പ്രകടനത്തിലൂടെ കയ്യടി ലഭിച്ചിരുന്നു.
മുണ്ടാസുപട്ടി എന്ന ചിത്രമൊരുക്കിയ സംവിധായകനായ രാംകുമാര്‍ പതിവ് ശൈലിയില്‍ നിന്ന് മാറിയൊരുക്കിയ ചിത്രവുമായിരുന്നു രാക്ഷസന്‍. ചിത്രം നേരത്തെ തെലുങ്കിലേക്കും റീമേയ്ക്ക് ചെയ്യപ്പെട്ടിരുന്നു. ബെല്ലംകൊണ്ട ശ്രീനിവാസ് നായകനായെത്തിയ ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായികയായത്. രാക്ഷസുഡു എന്ന പേരിലാണ് ചിത്രം തെലുങ്കിൽ പുറത്തിറങ്ങിയത്.