സ്പാനിഷ് കോച്ച് മനോലോ മാര്‍ക്വെസ് ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞു. മനോലോ മാര്‍ക്വെസുമായി പരസ്പര ധാരണയോടെ വേര്‍പിരിയാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) തീരുമാനിക്കുകയായിരുന്നു. ഇന്നലെ ചേർന്ന എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ഈ തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം നല്‍കി. ഇതോടെ പുതിയ ദേശീയ ടീം പരിശീലകനെ കണ്ടെത്താന്‍ ഫെഡറേഷന്‍ ഉടന്‍ പരസ്യം നല്‍കുമെന്നാണ് വിവരം.
2027 ലെ എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ജൂണ്‍ 10ന് ഹോങ്കോങ്ങിനോട് എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെട്ടതിന് ആഴ്ചകള്‍ക്ക് ശേഷമാണ് മനോലോ മാര്‍ക്വെസ് പടിയിറങ്ങുന്നത്. മാര്‍ക്വെസിന്റെ കീഴില്‍ സമീപകാലത്ത് ടീമിന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് മനോലോ വിടവാങ്ങുന്നതിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.