ടെഹ്‌റാൻ: ഇസ്രായേൽ-ഇറാൻ സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണം കൂടുതൽ ശക്തമാവുന്നു. ഇരു രാജ്യങ്ങളും മിസൈലുകളുടെയും ഡ്രോണുകളുടെയും ആക്രമണമാണ് പരസ്‌പരം നടത്തിയത്. ഇറാനിലെ ആണവ അടിസ്ഥാന സൗകര്യങ്ങൾ ഇസ്രായേൽ ബോംബിട്ടു തകർക്കാൻ ശ്രമിച്ചപ്പോൾ. ക്ലസ്‌റ്റർ യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച മിസൈലുകൾ പ്രയോഗിച്ചു കൊണ്ട് ഇറാൻ തിരിച്ചടിച്ചുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരാഴ്‌ച പിന്നിട്ട സംഘർഷത്തിൽ ആദ്യമായാണ് ക്ലസ്‌റ്റർ ബോംബുകൾ ഏതെങ്കിലും ഒരു വിഭാഗം പ്രയോഗിക്കുന്നത് എന്നാണ് ലഭ്യമായ വിവരം. ആളുകൾ കൂടുതൽ തിങ്ങിപ്പാർക്കുന്ന മേഖലകളിലേക്കാണ് ഇറാൻ ഇത്തരം ബോംബുകൾ അയച്ചതെന്നാണ് ഇസ്രായേൽ ആരോപണം. ഇസ്രായേലിലെ ആശുപത്രിക്ക് നേരെ ഉൾപ്പടെ നടത്തിയ ആക്രമണത്തിന് പിന്നിൽ ഇത്തരം ആയുധങ്ങളാണ് എന്നാണ് ലഭ്യമായ വിവരം.
ആശുപത്രിയിൽ നടത്തിയ ആക്രമണത്തിന് ഇറാനിലെ ഭരണകൂടം വലിയ വില നൽകേണ്ടിവരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകുകയും ചെയ്‌തിട്ടുണ്ട്. ഇറാനെതിരായ സൈനിക നീക്കത്തിൽ ഇസ്രായേൽ പ്രതീക്ഷിച്ചതിലും മുന്നിലാണെന്നും മുൻകാല പ്രതീക്ഷകൾക്കപ്പുറമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആശുപത്രിക്ക് സമീപമുള്ള ഇസ്രായേലി സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളായിരുന്നു ലക്ഷ്യമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) പറഞ്ഞു. ഈ വാദം നിഷേധിക്കുകയാണ് ഇസ്രായേൽ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധം വ്യാപിക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് പറഞ്ഞത്.