തിരുവനന്തപുരം: ഇന്ധന സെസ് കുറയ്ക്കാത്ത സർക്കാർ നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. പ്രതിഷേധസൂചകമായി പ്രതിപക്ഷ എംഎൽഎമാർ ഇന്ന് നടന്നാണ് നിയമസഭയിലേക്കെത്തുക.എംഎൽഎ ഹോസ്റ്റൽ മുതൽ നിയമസഭാ വരെയായിരിക്കും പ്രതിഷേധ നടത്തം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതിഷേധത്തിന് നേതൃത്വം നൽകും. സർക്കാരിൻ്റെ കെടുകാര്യസ്ഥതയും അനാസ്ഥയും ജനങ്ങളിൽ എത്തിക്കുന്നതിനുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫിൻ്റെ തീരുമാനം. സഭയ്ക്കകത്ത് ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് എംഎൽഎമാർ അറിയിച്ചു.ഇന്ന് നിയമസഭാ ചോദ്യോത്തരവേള മുതൽ സഭയിൽ പ്രതിഷേധം തുടങ്ങാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഈ മാസം 13, 14 തീയതികളിൽ എല്ലാ ജില്ലകളിലും യുഡിഎഫ് രാപകൽ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. സെസിനെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സമരം തുടരുകയാണ്.
