തിരുവനന്തപുരം:
സംസ്ഥാനത്ത് മഴ തുടരുന്നതിനാല്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ ജാഗ്രത തുടരണമെന്ന്
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി. എലിപ്പനിയ്‌ക്കെതിരെ വളരെ
ശ്രദ്ധിക്കണം. എലിപ്പനി ബാധിച്ചാല്‍ പെട്ടെന്ന് തീവ്രമാകുമെന്നതിനാല്‍ പ്രത്യേക
ശ്രദ്ധ വേണം. ഏതെങ്കിലും സാഹചര്യത്തില്‍ മണ്ണുമായോ, മലിന
ജലവുമായോ സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളവര്‍ക്ക് പനി ബാധിക്കുന്നെങ്കില്‍ ഉടനടി
ചികിത്സ തേടി ഡോക്ടറോട് അക്കാര്യം പറയേണ്ടതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണ്ണുമായും
മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം
എലിപ്പനി പ്രതിരോധ ഗുളിക കഴിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. എലിപ്പനി
ഒരു മാരക രോഗമാണെങ്കിലും കൃത്യമായ പ്രതിരോധ മാര്‍ഗങ്ങളിലൂടെയും ചികിത്സയിലൂടെയും
തടയാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ചെടികള്‍ നടുന്നവര്‍,
മണ്ണില്‍ കളിക്കുന്നവര്‍ തുടങ്ങി മലിനജലവുമായോ കെട്ടിക്കിടക്കുന്ന വെള്ളവുമായോ
സമ്പര്‍ക്കത്തില്‍ വരുന്നവര്‍ എലിപ്പനി പ്രതിരോധിക്കാനായി ആരോഗ്യ പ്രവര്‍ത്തകരുടെ
നിര്‍ദേശാനുസരണം നിര്‍ബന്ധമായും ഗുളിക കഴിക്കേണ്ടതാണ്. ആരംഭത്തില്‍ കണ്ടെത്തി
ചികിത്സിച്ചാല്‍ സങ്കീര്‍ണതകളില്‍ നിന്നും മരണത്തില്‍ നിന്നും വളരെയേറെപ്പേരെ
രക്ഷിക്കാന്‍ സാധിക്കും.