തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരത്ത് ഇന്ന് ഉച്ചമുതൽ ഗതാഗത നിയന്ത്രണം. രണ്ടു മണി മുതൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ചരക്കു വാഹനങ്ങൾ, ഹെവി വാഹനങ്ങൾ എന്നിവ നഗരത്തിലേക്ക് പ്രവേശിപ്പിക്കില്ല. ആളുകളുമായി വരുന്ന വാഹനങ്ങൾ ക്ഷേത്ര പരിസരത്ത് പാർക്ക് ചെയ്യാൻ അനുവദിക്കില്ല. വാഹനങ്ങൾ പൊലീസ് ക്രമീകരിച്ചിരിക്കുന്ന വിവിധ ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യാം. ഫുഡ്പാത്തിൽ അടുപ്പുകൾ കൂട്ടാൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നാളെ രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക.
